അയോധ്യ ക്ഷേത്രത്തിലേക്കുള്ള പാതകളിലെ ലൈറ്റുകള്‍ മോഷണം പോയി; കവര്‍ന്നത് 50 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വിളക്കുകള്‍

അയോധ്യ ക്ഷേത്രത്തിലേക്കുള്ള പാതകളിലെ ലൈറ്റുകള്‍ മോഷണം പോയി; കവര്‍ന്നത് 50 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വിളക്കുകള്‍
Published on

അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പാതകളില്‍ നിന്ന് ലൈറ്റുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. അരക്കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ലൈറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ പാതകളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകളാണ് ഇവ. 3800 ബാംബൂ ലൈറ്റുകളും 36 ഗോബോ പ്രൊജക്ടര്‍ ലൈറ്റുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്തു നിന്നാണ് ഈ മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തായത്. ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയിരുന്ന കമ്പനിയുടെ പ്രതിനിധിയായ ശേഖര്‍ ശര്‍മയെന്നയാള്‍ രണ്ടു ദിവസം മുന്‍പ് ഇമെയില്‍ വഴി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു.

എല്ലാ മാസവും നടത്തുന്ന പതിവു പരിശോധനയ്ക്കിടെയാണ് മോഷണം കണ്ടെത്തിയതെന്നാണ് ശര്‍മ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ശര്‍മയുടെ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. ശര്‍മ റിപ്പോര്‍ട്ട് ചെയ്തയത്രയും ലൈറ്റുകള്‍ മോഷണം പോയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ശര്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഷണം പോയ ലൈറ്റുകള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താന്‍ ശര്‍മയുടെ സഹായം തേടിയിരിക്കുകയാണെന്നും അയോധ്യ സീനിയര്‍ പോലീസ് സൂപ്രണ്ട് രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു. അയോധ്യ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയിരുന്നത്. 6400 ബാംബൂ ലൈറ്റുകളും 96 ഗോബോ പ്രൊജക്ടര്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.

രാംപഥിന്റെയും ഭക്തിപഥിന്റെയും ഇരുവശങ്ങളിലുമായാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വിഷയത്തില്‍ അയോധ്യ ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിങ് അറിയിച്ചു. സംഭവത്തില്‍ മോഷണക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ മഴയില്‍ ചോര്‍ന്നൊലിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ മുകള്‍ നിലയില്‍ പണികള്‍ പുരോഗമിക്കുന്നതിനാലാണ് ചോര്‍ച്ചയുണ്ടായതെന്ന വിശദീകരണവുമായി പിന്നീട് അധികൃതര്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in