ചിലിയില്‍ ഇടത് കാറ്റ്, പുതിയ പ്രസിഡന്റായി 35 കാരന്‍ ഗബ്രിയേല്‍ ബോറിക്

ചിലിയില്‍ ഇടത് കാറ്റ്, പുതിയ പ്രസിഡന്റായി 35 കാരന്‍ ഗബ്രിയേല്‍ ബോറിക്
Published on

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. 35 കാരനായ ഗബ്രിയേല്‍ ബോറിക് ചിലിയുടെ അടുത്ത പ്രസിഡന്റാകും.

99 ശതമാനം പോളിംഗ് നടന്ന ചിലിയില്‍ ആകെ വോട്ടിന്റെ 56 ശതമാനമാണ് ബോറിക് നേടിയത്. എതിരെ മത്സരിച്ച ജോസ് അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഞായറാഴ്ചയായിരുന്നു ചിലിയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ചിലി സര്‍ക്കാരിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്ന ഘട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പും നടന്നത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് ചിലിയില്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്.

ചിലിയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ് എന്നതിന് പുറമെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കളിലൊരാള്‍ കൂടിയാണ് ബോറിക്.

2019-2020 കാലത്ത് ചിലിയില്‍ ഉയര്‍ന്ന അസമത്വത്തിനും അഴിമതി ആരോപണങ്ങള്‍ക്കുമെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ നേതാവ് കൂടിയായിരുന്നു ബോറിക്.

രാജ്യത്തെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ ചിലിയുടെ പെന്‍ഷനും ആരോഗ്യ സംവിധാനവും തിരിച്ചു കൊണ്ടുവരുമെന്നും ജോലി സമയം ആഴ്ചയില്‍ 45 എന്നത് 40 മണിക്കൂറാക്കി ചുരുക്കുമെന്നും ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരുകാലത്ത് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യമായിരുന്നു ചിലി. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യമാണിത്.

സെബാസ്റ്റ്യന്‍ പിനേര യാണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്. ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടി അംഗമായ പിനേര 2018 മുതല്‍ ചിലിയുടെ പ്രസിഡന്റാണ്.

Related Stories

No stories found.
logo
The Cue
www.thecue.in