സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിം ലീഗ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ചര്‍ച്ചയ്ക്ക് ലീഗ് തന്നെയാണ് മുന്‍കൈ എടുക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ലീഗ് നേതാക്കള്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലീഗ് ആലോചിക്കുന്നുണ്ട്. ഇതില്‍ സമസ്തയുടെ പിന്തുണ ലീഗ് തേടും.
വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമനത്തിനെതിരെ പള്ളികളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗിന്റെ പ്രഖ്യാപനത്തെ സമസ്ത തള്ളിയിരുന്നു. പി.എസ്.സി നിയമനത്തെ എതിര്‍ത്ത സമസ്തയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതും മുസ്ലിംലീഗിനെ ചൊടിപ്പിച്ചു. വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ച് ശക്തി തെളിയിച്ചിരുന്നു മുസ്ലിംലീഗ്. റാലി സമസ്തയ്ക്ക് കൂടിയുള്ള മറുപടിയായാണ് വിലയിരുത്തപ്പെട്ടത്.
സമസ്തയുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ശ്രമം നടത്തുന്നത്. വിദേശത്തായിരുന്ന ജിഫ്രി മുത്തുക്കോയ തങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. മുത്തുക്കോയ തങ്ങള്‍ എത്തിയതിന് ശേഷം ചര്‍ച്ച നടത്താമെന്നായിരുന്നു ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നത്.
പളളികളില്‍ പ്രതിഷേധ പരിപാടി നടത്തുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് മുസ്ലിംലീഗും എത്തിയെന്നാണ് സമസ്തയുടെ വാദം. പി.എസ്.സി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച തുടരാണ് സമസ്തയുടെ തീരുമാനം. സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ഇടനില നിര്‍ത്താത്തതാണ് ലീഗിനെ ചൊടിപ്പിച്ചതെന്നാണ് സമസ്ത നേതൃത്വം കരുതുന്നത്.
സമുദായ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ ആലോചന. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലിം വിരുദ്ധ തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്ന് പ്രചരണം നടത്തും. വഖഫ് വിഷയത്തില്‍ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.