മീഡിയ വണ്‍ വാര്‍ത്താ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്ത തമസ്‌കരിച്ച് മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനലുകള്‍. ഉച്ചക്ക് ഒന്നരയോടെ മീഡിയ വണ്‍ സംപ്രേഷണം നിര്‍ത്തിവച്ചിരുന്നു. ഉച്ചക്ക് ഒന്ന് മുപ്പതോടെ ചാനലിന്റെ സംപ്രേഷണം സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞതായി എഡിറ്റര്‍ പ്രമോദ് രാമന്‍ ലൈവിലെത്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ചാനല്‍ സംപ്രേഷണം നിലച്ചു.
ചാനലിന്റെ സംപ്രേഷണവകാശം പുതുക്കി നല്‍കിയില്ലെന്ന് പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ മാനേജ്‌മെന്റ് അറിയിച്ചു. എന്‍.ഡി.ടിവി, ടൈംസ് നൗ ഉള്‍പ്പെടെ ദേശീയ ചാനലുകള്‍ വാര്‍ത്ത നല്‍കിയപ്പോഴും മലയാളത്തിലെ മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നിവര്‍ വാര്‍ത്ത നല്‍കാന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടര്‍ ചാനല്‍ മാത്രമാണ് സംപ്രേഷണം തടഞ്ഞ കേന്ദ്രനീക്കം വാര്‍ത്തയും ചര്‍ച്ചയുമാക്കിയത്. മീഡിയ വണ്‍ എഡിറ്ററുടെ പ്രതികരണവും റിപ്പോര്‍ട്ടര്‍ സംപ്രേഷണം ചെയ്തിരുന്നു.
വൈകിട്ട് മൂന്ന് മണിക്ക് ശേഷം മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചപ്പോള്‍ മാത്രമാണ് മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി, 24 എന്നീ മുന്‍നിര ചാനലുകള്‍ വാര്‍ത്ത നല്‍കാന്‍ തയ്യാറായത്.
ജനുവരി 31ന് ചാനലിന്റെ അപ് ലിങ്കിംഗ് ഡൗണ്‍ ലിങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതായി ചാനലിന് വാര്‍ത്താ വിതരണമന്ത്രാലയം അറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയം സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയതെന്നായിരുന്നു വിശദീകരണം. 12മണിയോടെ സംപ്രേഷണ കേന്ദ്രത്തില്‍ നിന്ന് ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ ചാനലിന് കേന്ദ്രത്തിന്‍റെ വിലക്ക് ലഭിക്കുന്നത്. എന്നാല്‍ ആദ്യം വിലക്ക് വന്ന സമയത്ത് ഏഷ്യാനെറ്റ് ന്യൂസിനും വിലക്ക് ലഭിച്ചിരുന്നു. ഇപ്പോഴുണ്ടായ നീക്കം മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരുന്നെന്നും നിയമനടപടി സ്വീകരിക്കുമെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞിരുന്നു.
മുന്‍നിര മാധ്യമ ചാനലുകള്‍ മൌനം പാലിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകരായ സനീഷ് ഇളയടത്ത്, അഭിലാഷ് മോഹനന്‍, ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ദി ക്യുവിനോട് പ്രതികരിച്ചു. ശേഷം കെ.യു.ഡബ്ല്യു.ജെയും, സിപിഎമ്മും സംഭവത്തില്‍ നിലപാട് വ്യക്തമാക്കി.
ഉത്തര കൊറിയയിലൊക്കെ സംഭവിക്കുന്നത് പോലുള്ള കാര്യങ്ങളാണ് നമ്മുടെ രാജ്യത്തും നടക്കുന്നത്. ജനാധിപത്യത്തിന് തുരങ്കം വെക്കുന്നതിനായുള്ള പ്രക്രിയകളുടെ ഭാഗമായാണ് താന്‍ ഇതിനെ കാണുന്നതെന്നും ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ദ ക്യുവിനോട് പറഞ്ഞു. ഈ നീക്കം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അതിശക്തമായി പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സനീഷ് ഇളയടത്ത് പറഞ്ഞു. മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള കേന്ദ്രനീക്കമായാണ് ഇതിനെ കാണേണ്ടതെന്ന് അഭിലാഷ് മോഹനന്‍ പ്രതികരിച്ചു.