അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡോ. ജോ ജോസഫ് ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ആണ് ജോ ജോസഫ്. എഴുത്തുകാരന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജോ ജോസഫ് എന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വാഴക്കാല സ്വദേശിയാണ്. മുത്തുപോലെയുള്ള സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്നും ഇ.പി. ജയരാജന്‍.
അരിവാള്‍ ചുറ്റിക നക്ഷത്രം അടയളാത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുക. നേരത്തെ ഡോ. കെ എസ് അരുണ്‍ കുമാറിനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മെയ് 31 നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണും.