തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ആത്മവിശ്വാസത്തില്‍ കുറവുണ്ടായിരുന്നില്ലെന്നും എവിടെയാണ് പാളിയതെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. പാര്‍ട്ടി ഒരു ജോലി ഏല്‍പ്പിച്ചു. അത് ഭംഗിയായി ചെയ്തു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും വിജയിക്ക് അനുമോദനങ്ങള്‍ എന്നും ജോ ജോസഫ് പറഞ്ഞു.
പരാജയം പൂര്‍ണമായും അംഗീകരിക്കുന്നു, ഒരു തോല്‍വികൊണ്ട് പാര്‍ട്ടി പിറകോട്ട് പോകില്ല. എന്നെ ഒരു ജോലി ഏല്‍പ്പിച്ചു, അത് കഴിവിന്റെ പരമാവധി ചെയ്തു. ആരും പ്രതീക്ഷിക്കാത്ത തോല്‍വി തന്നെയാണ് ഇത്. അത് പാര്‍ട്ടി ഇഴകീറി പരിശോധിക്കും. നിലപാട് വെച്ചുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു നടന്നതെന്നും തന്റെ രീതിയില്‍ ഉഷാറായിട്ട് പൊരുതിയെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് ഇരുപതിനായിരം കഴിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിന് മുന്നിലെത്താനായിട്ടില്ല. ഉമ തോമസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്.
ഫലം അപ്രതീക്ഷിതമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചത്. പരാജയം സമ്മതിക്കുന്നുവെന്നും ഇത്രയും വോട്ടുകളുടെ പരാജയം അവിശ്വസനീയമാണെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങള്‍ തന്നെയാണ്. മന്ത്രിമാരുടെ പരിപാടിയും മറ്റും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് നടന്നത്. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.