തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വിവാഹവാർത്തകളോട് പ്രതികരിച്ച് നടൻ ബാല. ചെന്നൈയിൽ രോഗാവസ്ഥയിൽ കിടക്കുന്ന അച്ഛനെ കാണാൻ കഴിയാത്തതിൽ താൻ അതീവ ദു:ഖിതനാണെന്നും, ഈ സമയത്തെ വ്യാജ വാർത്തകൾ തന്നെ മാനസികമായി വിഷമിപ്പിക്കുന്നുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. താൻ പിന്നെയും വിവാഹജീവിതത്തിലേക്ക് പോകുന്നു എന്ന വാർത്ത കേട്ട് സത്യാവസ്ത അറിയാൻ നിരവധി ഫോൺകോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രചരണം വ്യാജമാണെന്നും ആർക്കും ഇത്തരത്തിൽ ഒരു ഇന്‍റര്‍വ്യു നൽകിയിട്ടില്ലെന്നും ബാല പറയുന്നു.
ബാലയുടെ വാക്കുകൾ
‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്‍മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.
ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്‍റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.
ആ സമയത്ത് എന്‍റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒരു അന്നര ദിവസത്തിന്‍റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടം കൊണ്ട് നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്. മനസിലാക്കണം.