മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍; കൊച്ചി- ധനുഷ് കോടി ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍; കൊച്ചി- ധനുഷ് കോടി ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു
Published on

മൂന്നാറില്‍ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലില്‍ ദേശീയ പാതയിലെയും അന്തര്‍ സംസ്ഥാന പാതയിലെയും ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

മൂന്നാറിന് ദുരിതങ്ങള്‍ നല്‍കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 14.3 സെന്റിമീറ്റര്‍ മഴയാണ് മൂന്നാറില്‍ പെയ്തിറങ്ങിയത്. മണ്ണിടിച്ചിലില്‍ ദേശീയ പാതയിലെയും അന്തര്‍ സംസ്ഥാന പാതയിലെയും ഗതാഗതം തടസ്സപ്പെട്ടു.

ദേവികുളം റോഡിലുള്ള മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിനു സമീപം മണ്ണിടിഞ്ഞാണ് കൊച്ചി- ധനുഷ് കോടി ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടത്. ഗതാഗതം പുനസ്ഥാപിച്ചാലും ഏതു സമയത്തും വീഴാവുന്ന നിലയിലുള്ള കെട്ടിടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മൂന്നാര്‍ ഉടുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ഏട്ടാം മൈലില്‍ മണ്ണിടിഞ്ഞാണ് ഗതാഗതം തടസ്സപ്പെട്ടത്. ജെ.സി.ബി എത്തിച്ചു മണ്ണു നീക്കിയാണ് ഇവിടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുതിരപ്പുഴയാറില്ല ഒഴുക്ക് ശക്തമായി. ഏതു സമയത്തും കെട്ടിടങ്ങള്‍ നിലം പൊത്താം. യാത്രക്കാര്‍ക്ക് അപകട ഭീഷണി നിലനില്‍ക്കുന്ന ദേശീയ പാതയിലെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. നിരോധനം നീക്കിയാലും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാതെയുള്ള യാത്ര ഇവിടെ അപകട ഭീഷണി ഉയര്‍ത്തുന്നു 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ മഹാ പ്രളയത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശമാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍. ദേശീയ പാത തകര്‍ന്നതിനോടൊപ്പം മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് കെട്ടിടങ്ങളും തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളിലെ പ്രവര്‍ത്തനം അസാധ്യമായതോടെ കോളേജിലെ പഠന ക്ലാസ്സുകള്‍ താല്‍ക്കാലികമായി മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലേക്ക് മാറ്റുകയും ചെയ്തു. കോളേജ് നിലനില്‍ക്കുന്ന മണ്ണ് പരിശോധനകളില്‍ ജിയോളജിക്കല്‍ സംഘം ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും അപകടം സംഭവിക്കാനിടയുണ്ടെന്ന് പരാമര്‍ശിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ കെട്ടിടം പ്രയോജനരഹിതമായി അവിടെ നിലനില്‍ക്കുകയും ചെയ്തു.

ദേശീയ പാത വികസന പണികളുടെ ഭാഗമായി റോഡിന് വീതി കൂട്ടുന്നതിനായി ഒരു വശത്തു നിന്നും മണ്ണ് നീക്കം ചെയ്തതോടെ കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലായി. പലപ്പോഴായി മണ്ണിടിഞ്ഞ് കെട്ടിടത്തിന്റെ അടിത്തറ പോലും ദൃശ്യമാകുന്ന വിധത്തിലായി.

ഇതു വഴിയുള്ള യാത്രക്കാരുടെ ജീവന് അപകട ഭീഷണി ഉയര്‍ത്തിയതായി കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികളും ആരംഭിച്ചു. ദേവികുളം സബ് കളക്ടറുടെ ഇടപെടല്‍ വഴിയായി അതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജിയോളജിക്കല്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കെട്ടിടം പൊളിക്കുന്നതാണ് ഉചിതമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.

കെട്ടിടങ്ങളുടെ സ്ഥിതി അത്യന്തം അപകടമായതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. ഇതിനിടയില്‍ മഴക്കാലമെത്തുകയും ശക്തമായ മഴ പെയ്യുകയും ചെയ്തതോടെ മണ്ണിടിച്ചില്‍ സംഭവിച്ച് കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയും ചെയ്തു.

നിലവില്‍ കെട്ടിടത്തിന്റെ അടിത്തറ കാണാനാവുന്ന നിലയിലാണ്. അതേ സമയം അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി സുരക്ഷാഭിത്തി നിര്‍മ്മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായും അത്തരത്തില്‍ സുരക്ഷാ ഭിത്തി നിര്‍മ്മിക്കാത്തതിനാലാണ് മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടതെന്നും മുന്‍ എം.എല്‍.എ ഏ.കെ.മണി പറഞ്ഞു. അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി എത്രയും വേഗം റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in