കവളപ്പാറയില്‍ 30 വീടുകള്‍ മണ്ണിനടിയില്‍ ; രക്ഷാപ്രവര്‍ത്തനം സാധ്യമാകാതെ മണിക്കൂറുകള്‍
മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിലടിയിലായതായി സൂചന. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. അന്‍പതോളം പേരെ കാണാതായതായി പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല
ഫയര്‍ ഫോഴ്‌സ് അടക്കമുള്ളവരെ ഇന്നലെ മുതല്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ എത്തിച്ചേരാനായിട്ടില്ല. സ്ഥലത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതി ബന്ധമില്ലാത്തതിനാല് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. സ്ഥലത്തേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ മാത്രമാണ് ആളുകള്‍ക്ക് പ്രദേശത്തേക്ക് എത്താന്‍ കഴിഞ്ഞത്.
വീടുകളില്‍ കഴിഞ്ഞിരുന്നുവര്‍ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മാത്രമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.