ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ച കരട് നിയമങ്ങള്‍ പ്രാദേശിക പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേല്‍ കൊണ്ടുവന്ന കരട് നിയമങ്ങളില്‍ ദ്വീപ് ജനതയ്ക്കുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മുഹമ്മദ് ഫൈസല്‍ അമിത് ഷായുമായി സംസാരിച്ചു.
'' ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള നിയമങ്ങളെല്ലാം ദ്വീപിലേക്ക് അയച്ച്, ദ്വീപിലെ ജില്ലാ പഞ്ചായത്തിലെ പ്രാദേശിക പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് ജനങ്ങളുടെ സമ്മതവും കൂടി പരിഗണിക്കും,'' മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ദ്വീപില്‍ ബീഫ് നിരോധനം നിര്‍ദേശിക്കുന്നതും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നുമുള്ള കരട് നിയമങ്ങള്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ കൊണ്ടുവന്നിരുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.