കയ്യേറ്റവും പ്രളയവും: വേമ്പനാട്ട് കായല്‍ നികന്ന് ചതുപ്പുനിലമായി നശിക്കുന്നെന്ന് വിദഗ്ധര്‍
ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വേമ്പനാട്ട് കായല്‍ ചതുപ്പുനിലമായി മാറുമെന്ന് വിദഗ്ധര്‍. കയ്യേറ്റവും പ്രളയവുമാണ് കേരളത്തിലെ ഏറ്റവും വലിയ കായലിനെ അന്തകരാകുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വന്നടിഞ്ഞ എക്കല്‍ കായലിന്റെ ആഴം കുറച്ചെന്ന് കായല്‍നില ഗവേഷണ കേന്ദ്രം കണ്ടെത്തി. ആഴമില്ലാത്ത സ്ഥലങ്ങളില്‍ സൂര്യപ്രകാശം അടിത്തട്ട് വരെ ലഭിച്ചതോടെ മണ്ണിലെ വിത്തുകള്‍ മുളച്ചുതുടങ്ങിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മത്സ്യബന്ധനം, ടൂറിസം, കൃഷി, ജലഗതാഗതം തുടങ്ങിയ മേഖലകളിലായി ലക്ഷക്കണക്കിന് ആളുകളാണ് വേമ്പനാട്ടുകായലിനെ ആശ്രയിക്കുന്നത്. കൊച്ചിയില്‍ കൊച്ചിക്കായലെന്നും കുട്ടനാട്ടില്‍ പുന്നമടക്കായലെന്നും അറിയപ്പെടുന്ന വേമ്പനാട് അതീവ പരിസ്ഥിത പ്രാധാന്യമുള്ള ജലാശയവുമാണ്.
ചെടികള്‍ വളരുന്നതോടെ കായല്‍ കൂടുതലായി നികന്നുവരുന്ന സ്ഥിതിയുണ്ടാകും. കയ്യേറ്റത്തിനൊപ്പം എക്കല്‍ അടിയല്‍ കൂടിയാകുമ്പോള്‍ കായലിന്റെ നാശം വേഗത്തിലാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് കുട്ടനാട്ടിലെ കര്‍ഷകര്‍ കായലില്‍ വന്നടിയുന്ന എക്കല്‍ കുത്തിയെടുത്ത് മട കെട്ടുന്ന രീതി വ്യാപകമായിരുന്നു. എക്കല്‍ കുത്തല്‍ കുറഞ്ഞതോടെ കായലിന്റെ ആഴവും കുറഞ്ഞു. കുട്ടനാട്ടിലെ പല പറമ്പുകളുടെ അടിത്തട്ടില്‍ വെള്ളം നിറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എക്കല്‍ കുത്താതെ പറമ്പുകള്‍ താഴുന്നത് കെട്ടിടങ്ങളേയും ബാധിക്കും. വേമ്പനാട്ട് കായലില്‍ ഉപ്പിന്റെ അംശം മുന്‍പില്ലാത്ത വിധം ഉയരുന്നുണ്ട്. പരമാവധി 11 പിപിടിയില്‍ നിന്ന് (പാര്‍ട്‌സ് പെര്‍ തൗസന്റ്) ഉപ്പിന്റെ അംശം ഉയര്‍ന്ന് 23 പിപിടി വരെയെത്തി. 33 പിപിടിയാണ് കടല്‍ വെള്ളത്തിലെ ഉപ്പുനില.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം