കിറ്റെക്‌സ് കമ്പനിയില്‍ ലേബര്‍ ഓഫീസറുടെ പരിശോധന, തൊഴില്‍ സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് കൈമാറും

കിറ്റെക്‌സ് കമ്പനിയില്‍ ലേബര്‍ ഓഫീസറുടെ പരിശോധന, തൊഴില്‍ സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് കൈമാറും
Published on

കിറ്റെക്‌സ് കമ്പനിയില്‍ ലേബര്‍ കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന നടത്തി. പുരുഷ-വനിത ലേബര്‍ ക്യാംപുകളില്‍ എത്തിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാംപുകളിലെ സാഹചര്യം വിലയിരുത്തി.

കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മനസിലാക്കി വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വകുപ്പ് മന്ത്രിക്ക് കൈമാറുമെന്ന് ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര വ്യക്തമാക്കി.

തൊഴിലാളികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഫാക്ടറിക്ക് മുകള്‍ നിലയിലുള്ള വനിതാ ഹോസ്റ്റലിലും പരിശോധന നടത്തി.

തൊഴില്‍ വകുപ്പിന്റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 അല്‍ അധികം തൊഴിലാളികള്‍ കിറ്റെക്‌സില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കമ്പനി നിലവില്‍ പറയുന്നത് 500 പേര്‍ മാത്രമാണ് ഉള്ളതെന്നാണ്. ഈ കണക്കുകള്‍ സംബന്ധിച്ചും പരിശോധന നടന്നു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘവും കിറ്റെക്‌സ് ഓഫീസിലെത്തി ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു.

ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയില്‍ നിന്നുണ്ടായ തര്‍ക്കമാണ് ആക്രമണ സംഭവങ്ങളുടെ തുടക്കം. ഇത് പരിഹരിക്കാന്‍ പൊലീസെത്തിയപ്പോഴാണ് പൊലീസിനെതിരെ ആക്രമണമുണ്ടാകുന്നത്.

കുന്നത്തുനാട് സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് അക്രമസംഭവങ്ങളില്‍ പരിക്ക് പറ്റുകയും ഒരു പൊലീസ് ജീപ്പ് പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. സംഭവത്തില്‍ 174 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in