'തോല്‍വി സി.പി.ഐ.എം പരിശോധിക്കട്ടെ' ; ഈ സമയം കല്ലിടണോയെന്ന് പിണറായിയോട് ചോദിച്ചുവെന്ന് കെ.വി തോമസ്

'തോല്‍വി സി.പി.ഐ.എം പരിശോധിക്കട്ടെ' ; ഈ സമയം കല്ലിടണോയെന്ന് പിണറായിയോട് ചോദിച്ചുവെന്ന് കെ.വി തോമസ്
Published on

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയമുറപ്പിച്ചതോടെ പ്രതികരണവുമായി കെ.വി തോമസ്. ഉമ തോമസിന്റെ ലീഡ് പതിനായരത്തിന് അപ്പുറത്തേക്ക് കടന്നത് സിപിഐഎം പരിശോധിക്കട്ടെയെന്ന് കെ.വി തോമസ്. വിജയത്തിന്റെ കാര്യത്തില്‍ ഉമ തോമസിനെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സ്വാഭാവികമായും ഇടത് മുന്നണിയാണ് പഠിച്ച് ചര്‍ച്ച ചെയ്യേണ്ടത്.

കെ. റെയില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ലെന്നും കെ.വി തോമസ് പറഞ്ഞു. ഞാന്‍ ഇന്നും നില്‍ക്കുന്നത് വികസനത്തോടൊപ്പമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ല. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പല കോണ്‍ഗ്രസ് നേതാക്കളുമായി ഇപ്പോഴും ഉറ്റബന്ധമുണ്ടെന്നും ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് താന്‍ ചോദിച്ചെന്ന്‌ കെ.വി തോമസ് പറഞ്ഞുവെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപ മുദ്രാവാക്യങ്ങളിലും കെ.വി തോമസ് പ്രതികരിച്ചു. സ്വാഭാവികമായിട്ടും അത് ഇപ്പോള്‍ തുടങ്ങിയതല്ലല്ലൊ. ഞാന്‍ കണ്ണൂര്‍ പോയ അന്ന് മുതല്‍ വിമര്‍ശനങ്ങള്‍ വരുന്നുണ്ട് ചിലപ്പോള്‍ സഭ്യമായ ഭാഷയിലും ചിലപ്പോള്‍ അസഭ്യമായ ഭാഷയിലും പറയുന്നുണ്ട് അത് അവരുടെ കാഴ്ചപ്പാടുകളാണെന്നും കെ.വി തോമസ് കൂട്ടച്ചേര്‍ത്തു.

-

Related Stories

No stories found.
logo
The Cue
www.thecue.in