വി.എസ് അല്ല 'തിരുത' തോമയെന്ന് വിളിച്ചത്; സിപിഎം അങ്ങനെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ.വി തോമസ്

വി.എസ് അല്ല 'തിരുത' തോമയെന്ന് വിളിച്ചത്;  സിപിഎം അങ്ങനെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ.വി തോമസ്
Published on

വി.എസ് അച്യുതാനന്ദന്‍ ആണ് തിരുത തോമയെന്ന് വിളിച്ച് ആദ്യം ആക്ഷേപിച്ചത് എന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി കെ.വി തോമസ്. ഒരു സന്ദര്‍ഭത്തിലും വി.എസിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്ത് നിന്നോ അത്തരമൊരു ആക്ഷേപം വന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം പ്രയോഗിച്ചിട്ടേ ഇല്ലെന്നും ദ ക്യുവിനോട് കെ.വി തോമസ് പറഞ്ഞു.

2001ല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തരായിരുന്ന ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കളാണ് 'തിരുത' എന്ന് വിളിച്ചത്. അന്ന് അവര്‍ 'തിരുത' പിടിച്ച് ജാഥ നടത്തിയെന്നും കെ.വി തോമസ് പറഞ്ഞു.

കെ.വി തോമസിന്റെ വാക്കുകള്‍

ഒരു സന്ദര്‍ഭത്തിലും വി.എസിന്റെയോ, സി.പി.എമ്മിന്റെയോ ഭാഗത്ത് നിന്ന് അത്തരമൊരു ആക്ഷേപം വന്നിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ പ്രയോഗിച്ചിട്ടേ ഇല്ല. കോണ്‍ഗ്രസിന്റെ ഫേസ്ബുക്കില്‍ നിന്ന് അല്ലേ ഇതെല്ലാം വന്നിരിക്കുന്നത്. സുധാകരന് അറിയാമല്ലോ ആരാ പറഞ്ഞത് എന്ന്. ആരാ ഇത് തുടങ്ങിവെച്ചത് എന്ന് അറിയാമല്ലോ.

2001ല്‍ മത്സരിക്കുമ്പോള്‍ അന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച കോണ്‍ഗ്രസ് നേതാക്കന്മാരുണ്ടായിരുന്നു. അവര്‍ ഒരു ജാഥ നടത്തി. സുധാകരനൊന്നും അത് അറിയില്ല.

അന്ന് അവര്‍ തിരുതയും പിടിച്ച് ജാഥ നടത്തി. പിന്നെ ചില ചാനലുകളൊക്കെ ആ പ്രയോഗം നടത്തി. ഞാന്‍ പേരൊന്നും പറയുന്നില്ല. അവര്‍ സന്തോഷിച്ചോട്ടെ എന്ന് ഞാനും കരുതി. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമാണ് മുക്കുവ കുടിലില്‍ നിന്ന് വന്നുവെന്ന് പറഞ്ഞ് ഒരു സമുദായത്തെ ആക്ഷേപിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in