കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടിക്കാരെ കൊന്ന സംഭവങ്ങള്‍ അവഗണിച്ചാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിപ്പിക്കുന്നതെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ. ഇങ്ങനെയുള്ള പ്രചരണം അസംബന്ധമാണെന്ന് തൃശൂര്‍ ജില്ലക്കാര്‍ക്ക് അറിയാം. ചാവക്കാട് ഹനീഫ കൊലക്കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണം അട്ടിമറിച്ചെന്നും കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ദ ക്യുവിനോട് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരെ പോലും കൊന്ന് തള്ളിയതിന്റെ ഒരുപാട് അനുഭവമുള്ള ജില്ലയാണ് തൃശൂര്‍. തൃശൂര്‍ നഗരത്തിനോട് ചേര്‍ന്നുള്ള അയ്യന്തോള്‍ കാര്‍ത്തിയാനി ക്ഷേത്ര പരിസരത്ത് ഭാര്യയുമൊത്ത് വന്നപ്പോളാണ് മധു ഈച്ചരത്ത് എന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. ഏതാനും നാളുകള്‍ക്ക് ശേഷം ലാല്‍ജി കൊള്ളന്നൂര്‍ എന്ന നേതാവിനെ കോണ്‍ഗ്രസിലെ ഒരുവിഭാഗം കൊന്നു. ഇത് രണ്ടും തൃശൂര്‍ നഗരത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ സിഎന്‍ ബാലകൃഷ്ണന്‍, എംഎല്‍എയും സ്പീക്കറുമായിരുന്ന തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരുടെ അനുയായികള്‍ തമ്മിലുള്ള തെരുവ് യുദ്ധമാണ് രണ്ട് വിലപ്പെട്ട ജീവനുകള്‍ അപഹരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളായത് കൊണ്ട് മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചകളില്‍ കൊണ്ടു വരാറില്ല. കോണ്‍ഗ്രസിന്റെ ചാവക്കാട് ബ്ലോക്ക് സെക്രട്ടറിയായിരുന്ന എ സി ഹനീഫ മാതാവിന്റെ മുന്നിലിട്ടാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. വീട്ടില്‍ കാര്‍ പോര്‍ച്ചില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ഗുണ്ടകള്‍ ഇരച്ച് വന്ന് ആ മനുഷ്യനെ കൊന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് നേതാവായ ഗോപപ്രതാപിനെക്കുറിച്ച് ഉമ്മ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വളരെ സമര്‍ത്ഥമായിട്ടാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഗോപപ്രതാപിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി അന്വേഷണം അട്ടിമറിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തില്‍ കൊല്ലപ്പെട്ട മനുഷ്യരാണിതെല്ലാം.
നാല് പതിറ്റാണ്ട് മുമ്പ് തൃശൂരില്‍ ഡിസിസി മുന്‍ പ്രസിഡന്റിനെ തന്നെ കൊലപ്പെടുത്തിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റായിരുന്ന പികെ അബ്ദുള്‍ ഖാദറിനെ വീടിന്റെ പരിസരത്ത് വെച്ച് കൊന്നതും കോണ്‍ഗ്രസുകാരാണ്.അഹമ്മു എന്ന മത്സ്യത്തൊഴിലാളിക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇരുവരെയും കൊന്നത്. പാര്‍ട്ടി വിടുകയും സിപിഎം സഹയാത്രികനാകുകയും ചെയ്ത സമയത്താണ് കൊല്ലപ്പെടുന്നത്. ഇതൊക്കെ നാട്ടില്‍ നടന്നതാണെങ്കിലും മാധ്യമങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് അവതരിപ്പിക്കുന്നത്. ഇത് എത്രമാത്രം അസംബന്ധമാണെന്ന് തൃശൂര്‍ക്കാര്‍ക്ക് അറിയാം.
തൃശൂര്‍, കൊടകര ഭാഗങ്ങളിലുള്ളവര്‍ക്ക് കോടാലി ശ്രീധരനെ മറക്കാനാവില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ഗൂഢാസംഘത്തെ വളര്‍ത്തുകയും ചെയ്ത കോടാലി ശ്രീധരനെ സംരക്ഷിച്ചത് കോണ്‍ഗ്രസാണെന്ന് പൊലീസാണെന്ന മൊഴി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.