പൊലീസ് മാധ്യമപ്രര്‍ത്തകരുടെ കഴുത്തുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താവും ? : KUWJ

പൊലീസ് മാധ്യമപ്രര്‍ത്തകരുടെ കഴുത്തുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താവും ? : KUWJ
Published on

മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാരിന്റെ ശ്രമമെന്ന് കെയുഡബ്ല്യുജെ. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും കൂച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോകമെങ്ങും ഏകാധിപത്യം അതിന്റെ പടികള്‍ ചവിട്ടിക്കയറിയതെന്ന ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വേണം മാധ്യമങ്ങള്‍ക്ക് മേലുള്ള പൊലീസ് പരിശോധനയെ വിലയിരുത്തേണ്ടതെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെപി റെജി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യൂക്കിന് മുന്നില്‍ കഴുത്തൊടിഞ്ഞ് നില്‍ക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

ഹിതകരമായ വാര്‍ത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെയും പ്രതിരോധിക്കാന്‍ ജനാധിപത്യപരമായ വഴികള്‍ ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ പൊലീസിനെ കുട്ടുപിടിക്കുന്നത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവര്‍ത്തകരോ ഇറങ്ങിത്തിരിച്ചാല്‍ അവരുടെ വിശ്വാസ്യത തന്നെയാണ് തകരുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'വാര്‍ത്തകള്‍ക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാര്‍ത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പര്‍ക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോള്‍ പരിശോധനയ്ക്കു സാക്ഷാല്‍ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നു. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ദൗത്യമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയത്.

ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയേറ്റിനു മുന്നില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ കേരള കൗമുദിയിലെ ഫോേട്ടാഗ്രാഫര്‍ നിശാന്ത് ആലുകാടിനെ കഴുത്തിനു പിടിച്ച പൊലീസ് ഇനി സര്‍ക്കാറിന്റെ അനുഗ്രഹാശിസുകളോടെ മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിനു കുത്തിപ്പിടിക്കുമെന്നു സാരം.

വാര്‍ത്തകള്‍ക്കു മൂക്കുകയറിടാന്‍ ഭരണകൂടങ്ങള്‍ പലപ്രകാരങ്ങളില്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. തീര്‍ത്തും സദുദ്ദേശപരമെന്ന മുഖംമൂടിക്കുള്ളില്‍നിന്നാണ് മുെമ്പല്ലാം ഇത്തരം പത്രമാരണ നടപടികള്‍ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ ഭരണകൂട നടപടികളെ ന്യായീകരിക്കാന്‍ നല്ലൊരു ശതമാനം ആളുകള്‍ അന്നും മുന്നില്‍ നിന്നിട്ടുണ്ട്. പക്ഷേ, അവര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വരുേമ്പാഴേക്കും മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യംതന്നെ ഊര്‍ധന്‍ വലിച്ചു തുടങ്ങിയിട്ടുണ്ടാവും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും കുച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോകമെങ്ങും ഏകാധിപത്യം അതിന്റെ പടികള്‍ ചവിട്ടിക്കയറിത്തുടങ്ങിയത് എന്ന ചരിത്ര പശ്ചാത്തലത്തില്‍നിന്നു വേണം വാര്‍ത്തകള്‍ക്കു മേലുള്ള പൊലീസ് പരിശോധനയെയും വിലയിരുത്തേണ്ടത്.

ഹിതകരമല്ലാത്ത വാര്‍ത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെയും പ്രതിരോധിക്കാന്‍ ജനാധിപത്യപരമായ വഴികള്‍ ഉണ്ടായിരിക്കെയാണ് സര്‍ക്കാര്‍ പൊലീസിനെ കുട്ടുപിടിക്കുന്നത്. ഭരണകര്‍ത്താക്കളുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവര്‍ത്തകരെ കഴുത്തുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താവും? വിശ്വാസ്യതയാണു മാധ്യമങ്ങളുടെ കൈമുതലും സെല്ലിങ് പോയന്റുമെങ്കില്‍ കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവര്‍ത്തകരോ ഇറങ്ങിത്തിരിക്കുന്നുവെങ്കില്‍ അവരുടെ തന്നെ വിശ്വാസ്യതയാണു തകരുന്നത്. ജനങ്ങള്‍ അതു കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനില്‍പ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ല.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നില്‍ കഴുത്തൊടിഞ്ഞു നില്‍ക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ചാര്‍ത്തുന്ന വ്യാജമുദ്രക്കു മുന്നില്‍ നെട്ടല്ല് തകര്‍ന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും.'

Related Stories

No stories found.
logo
The Cue
www.thecue.in