എന്‍.പ്രശാന്തിന്റേത് മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍ കെയുഡബ്ലുജെ

എന്‍.പ്രശാന്തിന്റേത് മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍ കെയുഡബ്ലുജെ
Published on

മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശമയച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്ത് നായര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കണമെന്നും മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും യൂണിയന്‍ നിവേദനം നല്‍കി.

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖികയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി അധിക്ഷേപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അധിക്ഷേപിച്ചു. എന്‍.പ്രശാന്തിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ താല്‍പര്യമില്ലാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി അപമാനിക്കാന്‍ ശ്രമിച്ചത് മാന്യതയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിന്റെ ഭാര്യ ലക്ഷമിയും മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചു.

വിവാദ വിഷയങ്ങളില്‍ പ്രതികരണം തേടുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടോയെന്ന് സന്ദേശം അയച്ചതിനാണ് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചിരിക്കുന്നതെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. വനിതകളെ മാത്രമല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്നും യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in