എന്നെ തെറി വിളിക്കുന്നവര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ പ്രസിദ്ധീകരണം പുനസ്ഥാപിക്കൂ; ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തുന്നതില്‍ കെടി ജലീല്‍

എന്നെ തെറി വിളിക്കുന്നവര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ പ്രസിദ്ധീകരണം പുനസ്ഥാപിക്കൂ; ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തുന്നതില്‍ കെടി ജലീല്‍
Published on

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഭാഗമായ ചന്ദ്രിക ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജവും പണവും ചന്ദ്രികയ്ക്ക് ചെലവാക്കിയിരുന്നെങ്കില്‍ നിര്‍ത്തേണ്ടി വരില്ലെന്നാണ് കെ.ടി. ജലീലിന്റെ പ്രതികരണം.

തന്നെ തെറി വിളിക്കുന്ന സൈബര്‍ വീരന്മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യൂ എന്നും ജലീല്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

'ആറ് വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?

ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല,' കെടി ജലീല്‍ പറഞ്ഞു.

ചന്ദ്രിക ആഴ്ചപതിപ്പ് പ്രസിദ്ധീകരിക്കണം നിര്‍ത്തുന്നത് സാമ്പത്തിക പ്രതിസന്ധിമൂലമാണെന്ന് ഡയറക്ടര്‍ ബോര്‍ഡിന് വേണ്ടി ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്.

1932ലാണ് ചന്ദ്രിക പ്രസിദ്ധീകരണം തുടങ്ങിയത്. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ ആഴ്ചപതിപ്പിന്റെ പത്രാധിപരായി ഇരുന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in