തുള്ളല്‍ നിന്നല്ലോ, മുസ്ലിം മത സംഘടനകള്‍ മാധ്യമത്തിന് വേണ്ടി സംസാരിക്കാത്തതിന്റെ കാരണം ആലോചിക്കുന്നത് നന്നാകും: കെ.ടി ജലീല്‍

തുള്ളല്‍ നിന്നല്ലോ, മുസ്ലിം മത സംഘടനകള്‍ മാധ്യമത്തിന് വേണ്ടി സംസാരിക്കാത്തതിന്റെ കാരണം ആലോചിക്കുന്നത് നന്നാകും: കെ.ടി ജലീല്‍
Published on

മാധ്യമം ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷനെതിരെ നടപടി ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരിക്ക് കത്തയച്ച നടപടിയില്‍ വീണ്ടും വിശദീകരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.

കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിന്റെ കാരണമെന്താണ് എന്ന് വെറുതെയിരിക്കുമ്പോള്‍ ഒന്നാലോചിക്കുന്നത് നന്നാകുമെന്ന് ജീലീല്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗള്‍ഫ് നാടുകളില്‍ മറ്റ് മലയാള പ്രസിദ്ധീകരണങ്ങളോട് മാധ്യമം എന്നെങ്കിലും മാന്യമായ സമീപനം സ്വീകരിച്ചിട്ടുണ്ടോയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ ചോദിച്ചു.

'എനിക്കെതിരെ ചില ചാനല്‍ മുറികളില്‍ സി.പി.എം വിരുദ്ധ നിലയ വിദ്വാന്‍മാര്‍ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്?

കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിന്റെ കാരണം എന്താണ്? വെറുതെ ഇരിക്കുമ്പോള്‍ ഒന്നാലോചിക്കുന്നത് നന്നാകും,' ജലീല്‍ പറഞ്ഞു.

ചെയ്ത മഹാപാപങ്ങളോര്‍ത്ത് പശ്ചാതപിക്കാനും മാധ്യമത്തിന്റെ സ്വീകാര്യതയുടെ 'വൈപുല്യം' സ്വയം വിലയിരുത്താനും പുതിയ വിവാദം വഴിവെക്കുമെങ്കില്‍ അതിലും വലിയൊരു നേട്ടം ഇത് കൊണ്ട് വേറെ ഉണ്ടാവില്ല.

ഖുര്‍ആന്റെ മറവിലെ സ്വര്‍ണ്ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വര്‍ണ്ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വര്‍ണ്ണ മസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളര്‍ കടത്തും എല്ലാം പമ്പകടന്നില്ലേ? എന്നും ജലീല്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തുള്ളല്‍ നിന്നല്ലോ,

ഇനിയൊരു ഫ്‌ളാഷ്ബാക്ക്

'മാധ്യമം' പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റ്യാടി സ്‌കൂള്‍ ഓഫ് തോട്ട്) തുള്ളിയാല്‍ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇപ്പോള്‍ ഏതാണ്ട് തുള്ളല്‍ നിന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.

കോവിഡ് കാലത്തെ ഭീതിതമായ അവസ്ഥയില്‍ മാധ്യമം കേരളത്തില്‍ മാത്രം പ്രസിദ്ധീകരിച്ച 'മരണ സപ്ലിമെന്റി'നെതിരെ (ഭൂലോക കുത്തിത്തിരിപ്പിനെതിരെ) വ്യക്തിപരമായി ഞാന്‍ നടത്തിയ ഇടപെടലാണല്ലോ സ്വര്‍ണ്ണക്കടത്തിനെ കടത്തിവെട്ടി ഇപ്പോള്‍ മുഴച്ച് നില്‍ക്കുന്നത്.

എനിക്കെതിരെ ചില ചാനല്‍ മുറികളില്‍ സി.പി.എം വിരുദ്ധ നിലയ വിദ്വാന്‍മാര്‍ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്?

കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിന്റെ കാരണം എന്താണ്? വെറുതെ ഇരിക്കുമ്പോള്‍ ഒന്നാലോചിക്കുന്നത് നന്നാകും.

ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗള്‍ഫ് നാടുകളില്‍ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?

നടപടിക്ക് കത്തെഴുതി എന്നാണല്ലോ എനിക്കെതിരെയുള്ള ചാര്‍ജ് ഷീറ്റ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സന്‍ ഹാജിയെ ഖത്തറില്‍ (വിദേശ മണ്ണില്‍) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവര്‍ത്തകന്‍ പൊറുക്കുമെന്ന് കരുതുന്നുണ്ടോ?

പ്രമുഖ മുജാഹിദ് പണ്ഡിതന്‍ കെ ഉമര്‍ മൗലവിയെ ഖത്തറില്‍ അറസ്റ്റ് ചെയ്യിക്കാന്‍ ജമാത്തത്തെ ഇസ്ലാമി നടത്തിയ കളികള്‍ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.

ഖത്തറില്‍ സിറാജ് പൂട്ടിച്ചതില്‍ മാധ്യമത്തിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന ബോദ്ധ്യമല്ലേ ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതില്‍ നിന്ന് തടഞ്ഞത്?

വെള്ളിമാട്കുന്നിലെ ജെ.ഡി.റ്റി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ ഹോമിച്ച ഹസ്സന്‍ ഹാജിയെ കള്ളക്കഥകള്‍ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിച്ച നിങ്ങള്‍ അറബിക്കടലില്‍ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയില്‍ നിന്ന് മുക്തമാകുമോ?

സേട്ടു സാഹിബിനെ ലീഗില്‍ നിന്ന് അടര്‍ത്തി എടുത്ത് അവസാനം വഴിയിലുപേക്ഷിച്ച് അപമാനിച്ച നിങ്ങളോട് മുസ്ലിംലീഗ് എങ്ങിനെ ക്ഷമിക്കാനാണ്?

ചെയ്ത മഹാപാപങ്ങളോര്‍ത്ത് പശ്ചാതപിക്കാനും മാധ്യമത്തിന്റെ സ്വീകാര്യതയുടെ 'വൈപുല്യം' സ്വയം വിലയിരുത്താനും പുതിയ വിവാദം വഴിവെക്കുമെങ്കില്‍ അതിലും വലിയൊരു നേട്ടം ഇത് കൊണ്ട് വേറെ ഉണ്ടാവില്ല.

ഖുര്‍ആന്റെ മറവിലെ സ്വര്‍ണ്ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വര്‍ണ്ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വര്‍ണ്ണ മസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളര്‍ കടത്തും എല്ലാം പമ്പകടന്നില്ലേ?

Related Stories

No stories found.
logo
The Cue
www.thecue.in