തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടി വര്‍ഗീയ വിദ്വേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പാഠമാണെന്ന് കെ.ടി ജലീല്‍. തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നടപടിയാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ പി.സി ജോര്‍ജിനെ കാണാന്‍ തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെത്തിയ നടപടി ഞെട്ടിക്കുന്നതാണെന്നും ജലീല്‍ കുറിച്ചു. നാട്ടില്‍ കലാപം ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജിനെ കാണാന്‍ തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ എത്തിയ സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ബി.ജെ.പി-പി.സി ജോര്‍ജ് കൂട്ട് കെട്ട് ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാവണം തിരുവനന്തപുരം ജില്ലാ ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ പി.സി പങ്കെടുത്തതും പ്രസംഗിച്ചതും. ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി.സി ജോര്‍ജിനെ ഒരു മുസ്ലീം സംഘടന നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ്പരിവാറിന്റെ ശ്രമമെന്നും മുസ്ലീം യൂത്ത് ലീഗിന്റെ പരാതിയിലാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് സമൂഹ മാധ്യമങ്ങളില്‍ യൂത്ത് ലീഗ് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അതേറ്റെടുത്ത് ബി.ജെ.പി മതധ്രുവീകരണം നടത്തുകയാണെന്നും ജലീല്‍ കുറിച്ചു. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ആരുടെയും പരാതിയിലല്ല, മറിച്ച് പൊലീസ് സ്വയം കേസെടുത്താണെന്നും മുന്‍മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ താനിരിക്കേണ്ടിടത്ത് ആരിരിക്കും?
വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ ബാദ്ധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധി മന്ത്രി വി മുരളീധരന്‍ നാട്ടില്‍ കലാപം ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജിനെ കാണാന്‍ തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ എത്തിയ സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ബി.ജെ.പി-പി.സി ജോര്‍ജ് കൂട്ട് കെട്ട് ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാവണം തിരുവനന്തപുരം ജില്ലാ ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ പി.സി പങ്കെടുത്തതും പ്രസംഗിച്ചതും. ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് അതാണ് വ്യക്തമാകുന്നത്.
മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയെ തുടര്‍ന്നാണ് ജോര്‍ജിന്റെ അറസ്റ്റെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ യൂത്ത് ലീഗ് നേതാക്കള്‍ പെരുമ്പറയടിക്കുന്നു. അതേറ്റെടുത്ത് മത ധ്രുവീകരണം ലാക്കാക്കി ബി.ജെ.പി രംഗത്ത് വരുന്നു. പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത് ഒരാളുടെ പരാതിയിലുമല്ല. സ്വമേധയാലാണ്. പി.സിയെ ഒരു മുസ്ലിം സംഘടന നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ് പരിവാറിന്റെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ എട്ട്കാലി മമ്മൂഞ്ഞി ചമഞ്ഞ് അതിന് ഇന്ധനം പകരാന്‍ കുറേ ലീഗ് സൈബര്‍ വിവരദോഷികളും. പി.സിയുടെ അറസ്റ്റ് ആഘോഷമാക്കേണ്ട എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് ഉപദേശിക്കേണ്ടത് മാലോകരെയല്ല. അന്തവും കുന്തവും തിരിയാത്ത യൂത്ത് ലീഗുകാരെയാണ്.
കേന്ദ്ര മന്ത്രി ഇരിക്കേണ്ടിടത്ത് കേന്ദ്രമന്ത്രി ഇരുന്നില്ലെങ്കില്‍ അവിടെ ആര് കയറിയിരിക്കും എന്ന് എ.ആര്‍ ക്യാമ്പിലേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട് ഇളിമ്പ്യനും പരിഹാസ്യനും പ്രകോപിതനുമായി വി മുരളീധരന്‍ മടങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിക്കാണും.
പിണറായിക്കാലത്ത് മാത്രം സംഭവിക്കുന്നതാണ് ഇന്ന് കേരളം കണ്ടത്. ഇരട്ടച്ചങ്കനെന്ന് വെറുതെയല്ല അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നടപടിയാണ് പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാണ്. മൈക്ക് കിട്ടിയാല്‍ എന്തും വിളിച്ച് കൂകുന്നവര്‍ ജാഗ്രതൈ.