സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പിരിക്കാനുള്ളത് 937.48 കോടി; കുടിശ്ശിക പിരിക്കാതെ ജനങ്ങളെ ഷോക്കടിപ്പിച്ച് കെഎസ്ഇബി
ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്ക്അധികഭാരമാകുന്ന നിരക്ക് വര്‍ധന ഏര്‍പ്പെടുത്തി 902 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന കെഎസ്ഇബി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പിരിക്കാനുള്ളത് 937 കോടി 48 ലക്ഷം രൂപ. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നല്‍കിയ മറുപടിയിലാണ് കെഎസ്ഇബി പൊതുജനത്തെ പിഴിഞ്ഞ് തടിതപ്പുന്നതിന്റെ സൂചനകള്‍ ഉള്ളത്.
2018-19 വര്‍ഷത്തെ കണക്ക് പ്രകാരം കഴിഞ്ഞ മാര്‍ച്ച് 31 വരെ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ 937.48 കോടിരൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
കെഎസ്ഇബി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 43.57 കോടി രൂപ പിരിച്ചുകിട്ടാനുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് സ്ഥാപനസംവിധാനങ്ങളില്‍ നിന്നുമായി ആകെ 300 കോടിയോളം രൂപയും കെഎസ്ഇബി പിരിച്ചെടുക്കാനുണ്ട്.
കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍
സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ - 937.48 കോടി രൂപ
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ - 43.57 കോടി രൂപ
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ - 95.71 കോടി രൂപ
കേരള വാട്ടര്‍ അതോറിറ്റി - 153.80 കോടി രൂപ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ - 4.20 കോടി രൂപ
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ - 98.31 കോടി രൂപ
വൈദ്യുതി കുടിശ്ശിക തുക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 219 കേസുകള്‍ ഉണ്ട്. മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 408.59 കോടി രൂപ കേസുകളില്‍ പെട്ട് കോടതികളില്‍ തീര്‍പ്പിനായുണ്ടെന്നും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു.
ഓഡിറ്റ് പൂര്‍ത്തിയാക്കിയ 2017-18ലെ കണക്കുകള്‍ പ്രകാരം 784.09 കോടി രൂപയാണ് കെഎസ്ഇബിയുടെ നഷ്ടം. 2018-19ലെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല.
നിരക്ക് വര്‍ധനയുടെ മുക്കാല്‍ പങ്കും ഗാര്‍ഹിക ഉപഭോക്താക്കളുടെ തലയിലാണ് വരിക. 902 കോടി രൂപയുടെ നിരക്ക് വര്‍ധനയില്‍ 538.95 കോടി രൂപയും ഗാര്‍ഹിക ഉപഭോക്താക്കള്‍ വഹിക്കണം. വാണിജ്യമേഖലയ്ക്ക് 3.3 ശതമാനവും വ്യവസായികള്‍ക്ക് ആറ് ശതമാനവും വര്‍ധന വരുത്തിയപ്പോഴാണ് ഗാര്‍ഹിക വൈദ്യുതിയുടെ ശരാശരി വര്‍ധന 11.4ല്‍ എത്തിച്ചത്. വീടുകളുടെ വൈദ്യുതി നിരക്കിനൊപ്പം ഫിക്‌സഡ് ചാര്‍ജും കൂട്ടി. ഈ വര്‍ഷം 1101.72 കോടിയുടേയും 2019-20 വര്‍ഷം 700.44 കോടിയുടേയും നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. വൈദ്യുതി നിരക്ക് അധികം വൈകാതെ വീണ്ടും കൂട്ടുമെന്ന് സൂചനയുണ്ട്. നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ബോര്‍ഡിന് സെപ്റ്റംബറില്‍ വീണ്ടും റെഗുലേറ്ററി കമ്മീഷനെ സമീപിക്കാനാകും.