കൊച്ചി: സഭാഭൂമി ഇടപാടില്‍ അതിരൂപതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന് വത്തിക്കാന്‍ നിയോഗിച്ച അന്താരാഷ്ട്ര ഏജന്‍സിയായ കെ.പി.എം.ജി. എല്ലാ കാനോനിക സമിതികളുടെയും അനുമതി തേടാതെയാണ് വില്‍പ്പന നടത്തിയതെന്നും കെ.പി.എം.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റോഡിയന്‍ എന്ന നിലയില്‍ അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍പ്പന നടത്തിയതിലും കോട്ടപ്പാടി മേഖലയില്‍ ഭൂമി വാങ്ങിയതിലും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീഴ്ച പറ്റിയെന്നും കെ.പി.എം.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
എല്ലാ കാനോനിക സമിതികളുടെയും അംഗീകാരം വാങ്ങാതെയാണ് ഇടപാട് നടത്തിയത്, ഭൂമി വില്‍ക്കുന്നതിന് ഏജന്റിനെ തെരഞ്ഞെടുത്തതിലും, ഭൂമി വില നിശ്ചയിച്ചതിലും വീഴ്ചയുണ്ടായി, വില്‍പ്പനയിലൂടെ ലഭിച്ച പണം കടം വീട്ടാന്‍ ഉപയാഗിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമി വില്‍പ്പനയായിരുന്നു വിവാദത്തിലായത്. ഇതേ തുടര്‍ന്ന് വിവിധ സമിതികളുടെ നേതൃത്വത്തില്‍ വിഷയം അന്വേഷിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതെ കോട്ടപ്പാടി മേഖലയില്‍ വാങ്ങിയ ഭൂമി വിറ്റ് കടം വീട്ടുക എന്ന നിര്‍ദേശമാണ് വത്തിക്കാന്‍ മുന്നേട്ട് വെച്ചിരിക്കുന്നത്.