ദിലീപിന്റെ ‘ദേ പുട്ടി’ല്‍ പഴകിയ ഭക്ഷണം; പിടിച്ചെടുത്ത് നശിപ്പിച്ച് കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം
നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും ഉടമസ്ഥതയിലുള്ള കോഴിക്കോട് പുതിയതറയിലുള്ള ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു പാചകമെന്നും പഴകിയ എണ്ണയും കോഴിയിറച്ചിയും ഐസ്‌ക്രീമുടക്കം വസ്തുക്കള്‍ പിടിച്ചെടുത്തെന്നും കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഓഫീസര്‍ ആര്‍എസ് ഗോപകുമാര്‍ ദ ക്യൂവിനോട് പറഞ്ഞു.
കനച്ച എണ്ണയിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും രുചിവ്യത്യാസമുണ്ടെന്നും അടക്കം പരാതി ആളുകളില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്നാണ് ദേ പുട്ടില്‍ റെയ്ഡ് നടത്തിയതെന്നും കോഴിക്കോട് കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.
വളരെ ദുര്‍ഗന്ധമുള്ള വൃത്തിഹീനമായ ചുറ്റുപാടിലാണ് അവിടെ ഭക്ഷണം പാകം ചെയ്യുന്നത്. കോഴിയിറച്ചിയും ഐസ്‌ക്രീം അടക്കം പലവസ്തുക്കളും പഴകിയതാണ്. ഉപയോഗിച്ച് പഴകിയ കനച്ച എണ്ണയാണ് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഫ്രീസറിന്റെ താഴെയടക്കം പാറ്റയും മറ്റുമെല്ലാം ചേര്‍ന്ന് വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം.
ആര്‍എസ് ഗോപകുമാര്‍
നഗരത്തിലെ വിവിധ ഹോട്ടലുകളിലും കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു.
ദേ പുട്ടില്‍ നിന്നും പിടിച്ചെടുത്ത പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി.
പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷമീര്‍ എന്നിവരും പങ്കെടുത്തു