കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയെ കുടുക്കിയത് മൊഴിയിലെ വൈരുധ്യവും വ്യാജ പ്രചരണങ്ങളും; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ അടുത്ത ബന്ധുവായ ജോളിയെ സംശയിക്കാന്‍ കാരണം എല്ലാ മരണത്തിലേയും സാന്നിധ്യമെന്ന് വടകര റൂറല്‍ എസ്പി കെജി സൈമണ്‍. ജോളിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ജോലി സംബന്ധിച്ച് കളവ് പ്രചരിപ്പിച്ചതും സംശയത്തിനിടയാക്കിയെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
അന്നമ്മയെ കൊലപ്പെടുത്തിയത് വീടിന്റെ അധികാരം കൈപ്പിടിയിലാക്കാനായിരുന്നു. പിതാവ് ടോം തോമസും ജോളിയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ടോം തോമസ് വസ്തു വിറ്റ് ഇവര്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ടോം തോമസ് ജോളിയുമായി പിണങ്ങി. തുടര്‍ന്നാണ് ജോളി ഇയാളെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയ് തോമസുമായിട്ടുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് റോയ് തോമസിനെ കൊന്നത്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യത്തെ ഭാര്യ സിലി,ഒരു വയസ്സുള്ള ആല്‍ഫൈന്‍ എന്നിവരുടെ മരണത്തിനു പിന്നിലുള്ള കാരണങ്ങളായി പറഞ്ഞിരുന്നതില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്.
ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ മരണത്തിലും സൈനേഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളുണ്ട്, എന്നാല്‍ സ്ഥിരീകരണത്തിന് ശാസ്ത്രീയ പരിശോധന ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും എസ് പി പറഞ്ഞു.
കല്ലറ പുതുക്കി പണിതപ്പോള്‍ മൃതദേഹങ്ങള്‍ മാറ്റിയിരുന്നു. ലഭിച്ചത് രണ്ട് പേരുടെ മൃതദേഹാവശിഷ്ടം മാത്രമാണ്. എല്ലാ കൊലപാതകങ്ങളിലും ജോളി തന്റെ പങ്ക് സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവ് ഷാജുവിനെതിരെ വ്യക്തമായ തെളിവുകളില്ല. രണ്ട് കേസുകളില്‍ അന്വേഷണം തുടരും.
റൂറല്‍ എസ്പി കെ ജി സൈമണ്‍
എന്‍ഐടിയില്‍ ലക്ചറര്‍ ആണെന്നായിരുന്നു കഴിഞ്ഞ 14 കൊല്ലമായി ജോളി നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടായിരുന്ന ജോളി ദിവസവും രാവിലെ കാറില്‍ പുറത്ത് പോവുകയും വൈകീട്ട് തിരിച്ചുവരുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ബി കോം ബിരുദം മാത്രമാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ സ്വത്ത് തര്‍ക്കവും കുടുംബാംഗങ്ങളുടെ മരണവും തമ്മില്‍ സംശയം തോന്നിയ റോയിയുടെ സഹോദരങ്ങളാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ആറ് തവണ ജോളിയെ ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതോടെ നുണ പരിശോധനയ്ക്ക് തയ്യാറാവാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ജോളി അനുവദിച്ചില്ല.
വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 2002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്. ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം