യോഗി സര്‍ക്കാരിന്റെ 'വികസന'പരസ്യത്തില്‍ ബംഗാളിലെ ഫ്‌ളൈ ഓവറും കെട്ടിടങ്ങളും; വിമര്‍ശനം

യോഗി സര്‍ക്കാരിന്റെ 'വികസന'പരസ്യത്തില്‍ ബംഗാളിലെ ഫ്‌ളൈ ഓവറും കെട്ടിടങ്ങളും; വിമര്‍ശനം
Published on

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യത്തില്‍ ഉപയോഗിച്ചത് പശ്ചിമ ബംഗാളിലെ ഫ്‌ളൈ ഓവറിന്റെയും കെട്ടിടങ്ങളുടെയും ചിത്രമെന്ന് വിമര്‍ശനം. ത്രിണമൂല്‍ നേതാക്കളുള്‍പ്പടെ മോദിയെ പരിഹസിച്ച് രംഗത്തെത്തി.

യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യോഗി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം. ബംഗാളിലെ 'മാ ഫ്‌ളൈ ഓവറി'ന്റെ ചിത്രമാണ് പരസ്യത്തില്‍ നല്‍കിയിരിക്കുന്നതെന്നാണ് വിമര്‍ശനം. മഞ്ഞ നിറത്തിലുള്ള അംബാസിഡര്‍ ടാക്‌സികളും ഫ്‌ളൈ ഓവറില്‍ കാണാം.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് മോദി പ്രദര്‍ശിപ്പിക്കുന്നതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. ഇരട്ട എന്‍ജിന്‍ മോഡല്‍ പൂര്‍ണമായും തകര്‍ന്നു, ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട നിര്‍മ്മിതികളെ മോഷ്ടിച്ച് പ്രദര്‍ശിപ്പിക്കലാണ്, ഉത്തര്‍പ്രദേശിന്റെ മാറ്റം എന്നതുകൊണ്ട് യോഗി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'കൊല്‍ക്കത്തയിലെ മാ ഫ്‌ളൈഓവര്‍, ഞങ്ങളുടെ ജെഡബ്ല്യു മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്‌സികള്‍ എന്നിവ യുപിയുടെ പരസ്യത്തില്‍! നിങ്ങളുടെ ആത്മാവിനെ മാറ്റുക, കുറഞ്ഞത് നിങ്ങളുടെ പരസ്യ ഏജന്‍സിയെ എങ്കിലും മാറ്റുക. നോയിഡയില്‍ എനിക്കെതിരെ എഫ്‌ഐആറുകള്‍ക്കായി കാത്തിരിക്കുന്നു', എന്നായിരുന്നു തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദര്‍ശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസിലായതെന്നായിരുന്നു ബംഗാള്‍ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ പ്രതികരണം.

സംഭവം ചര്‍ച്ചയായതിന് പിന്നാലെ പരസ്യം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വിശദീകരണവുമായി രംഗത്തെത്തി. പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗം പരസ്യത്തില്‍ തെറ്റായ ചിത്രം അശ്രദ്ധമായി ഉള്‍പ്പെടുത്തിയതാണെന്നും, തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. പത്രത്തിന്റെ എല്ലാ ഡിജിറ്റല്‍ പതിപ്പുകളില്‍ നിന്നും ചിത്രം നീക്കം ചെയ്തതായും പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in