'ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ്'; കെ റെയിലുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് കോടിയേരി

'ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ്'; കെ റെയിലുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് കോടിയേരി
Published on

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം കെ റെയില്‍ പദ്ധതിയല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ പ്രശ്‌നം വെച്ച് നടത്തിയ തെരഞ്ഞെടുപ്പല്ല ഇത്. കെ റെയിലിന്റെ ഹിതപരിശോധനയല്ലായിരുന്നു ഈ തെരഞ്ഞെടുപ്പ്. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ കെ റെയിലുമായി മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്ന് കരുതുന്നവരല്ല ഞങ്ങള്‍, ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാം കിട്ടും എന്ന് കരുതുന്നവരുമല്ല. ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലത്തില്‍ വോട്ട് വര്‍ധനവുണ്ടായിട്ടുണ്ട്. ബിജെപിയുടെ വോട്ടില്‍ വന്നിട്ടുള്ള കുറവും ട്വന്റി20 മത്സരിക്കാതിരുന്നതും യുഡിഎഫിന് ഗുണമായി. ജനവിധി അംഗീകരിച്ചുകൊണ്ട് തുടര്‍ പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ട്ടി തീരുമാനം. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കാര്യങ്ങള്‍ പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ പാര്‍ട്ടിക്ക് സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആകെ തകര്‍ന്ന് പോയിട്ടില്ല, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. അതിനൊപ്പം സാമുദായിക സംഘടന ചേരുന്നതും വലിയ ഘടകമാണ്. എല്ലാ മാധ്യമങ്ങളും യുഡിഎഫിന് കൂടെയായിരുന്നു, ഒരു പത്രം യുഡിഎഫിന്റെ ഘടകകക്ഷി പോലെയായിരുന്നു. അങ്ങനെ എല്ലാം കൂടി ചേര്‍ന്ന് അനുകൂലമായ അന്തരീക്ഷം അവര്‍ക്ക് ഉണ്ടായിരുന്നു എന്നത് വസ്തുതയാണെന്നും കോടിയേരി പറഞ്ഞു.

പി.ടി തോമസിന്റെയും യുഡിഎഫിന്റെയും മണ്ഡലമായ തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് ഉമ തോമസ് സഭയിലേക്കെത്തുന്നത്. ഉമ തോമസ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ വിജയം 14,329 വോട്ടുകള്‍ക്കായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഞെട്ടിക്കുന്ന വിജയമാണ് ഉമ തോമസ് നേടിയത്. പോളിംഗ് ശതമാനം കുറഞ്ഞതും മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്തിറങ്ങിയതും യുഡിഎഫ് ഭൂരിപക്ഷം കുറക്കുമെന്ന വിലയിരുത്തലിലായിരുന്നു ണ്ഡലതതില്‍ സൃഷ്ടിച്ചത്. നാലായിരത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in