'വികസനകാര്യത്തില്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെ പോലെയല്ല തരൂര്‍'; പുകഴ്ത്തി കോടിയേരി

'വികസനകാര്യത്തില്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെ പോലെയല്ല തരൂര്‍'; പുകഴ്ത്തി കോടിയേരി
Published on

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ പ്രശംസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെ പോലെ വികസനത്തിന്റെ കാര്യത്തില്‍ തരൂരിന് നിഷേധാത്മക സമീപനമില്ലെന്ന് കോടിയേരി. കേരളത്തിന്റെ പൊതുവികാരം തരൂര്‍ പറഞ്ഞതാണെന്നും കോടിയേരി.

കെ-റെയില്‍ പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആദ്യം കൊണ്ടുവന്നത്. അത് സി.പി.ഐ.എമ്മിന്റെ കാലത്ത് നടപ്പിലാക്കുന്നതാണ് കോണ്‍ഗ്രസ് പ്രശ്‌നം. ഘടകകക്ഷികളുമായി ഉള്‍പ്പെടെ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശശി തരൂരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കെ.സുധാകരന്‍ പറഞ്ഞത്

കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകള്‍ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകളില്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍ പാര്‍ട്ടിക്ക് വിധേയരകാണം.

തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ.

കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂര്‍. അദ്ദേഹത്തിന് സ്വന്തം കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് അദ്ദേഹത്തിനോടുള്ള കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന.

Related Stories

No stories found.
logo
The Cue
www.thecue.in