മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സ്ഥലംവിട്ടത് കേന്ദ്രത്തിലെ ആര്‍.എസ്.എസ്-ബി.ജെ.പി ഭരണത്തെ തൃപ്തിപ്പെടുത്താനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജനങ്ങള്‍ തെരഞ്ഞടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
'' മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മേലോ സ്വന്തം സാമ്രാജ്യമോ സാമാന്തരഭരണമോ നടത്താന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയ ചേരിയെ ആഹ്‌ളാദിപ്പിക്കുകയാണ് ഗവര്‍ണര്‍,'' എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവയ്പ്പുമെന്നും കോടിയേരി പറഞ്ഞു.