മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരും, നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍
റിവ്യൂ ഹര്‍ജിയുമായി ബില്‍ഡേഴ്‌സും ഫ്‌ളാറ്റ് ഉടമകളും കോടതിയെ സമീപിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.
മരട് നഗരസഭയില്‍ ചട്ടംലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകളുമായും നഗരസഭാ അധികൃതരുമായി തദ്ദേശ ഭരണമന്ത്രി എ സി മൊയ്തീന്‍ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനോ നഗരസഭയ്‌ക്കോ റിവ്യൂ പെറ്റീഷന്‍ നല്‍കാനാകില്ല.
മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ചെന്നൈ ഐഐടി റിപ്പോര്‍ട്ട് നല്‍കും. കേസ് കോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് ആരാഞ്ഞആല്‍ പഠനറിപ്പോര്‍ട്ട് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. റിവ്യൂ ഹര്‍ജിയുമായി ബില്‍ഡേഴ്‌സും ഫ്‌ളാറ്റ് ഉടമകളും കോടതിയെ സമീപിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.
കൊച്ചി മരടിലെ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചുനീക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അഞ്ച് അപ്പാര്‍ട്മെന്റുകളിലായി പൊളിക്കേണ്ട 349 ഫ്‌ളാറ്റുകളില്‍ താമസക്കാര്‍ ഉള്ളത് 198 എണ്ണത്തിലാണ്. താരങ്ങളും സംവിധായകരും വ്യവസായികളും ഉള്‍പ്പെടുന്ന ലക്ഷ്വറി ഫ്‌ളാറ്റും ഈ അപ്പാര്‍ട്മെന്റ് സമുച്ചയങ്ങളിലുണ്ട്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതില്‍ ഹോളിഡേ ഹെറിറ്റേജിന്റെ നിര്‍മ്മാണം നടന്നിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയെങ്കിലും നഗരസഭ അനുമതി റദ്ദാക്കിയതിനാലാണ് പണിനടക്കാഞ്ഞത്്. നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള സിആര്‍സെഡ് മേഖലയിലാണ് ഈ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത്.
മരട് പഞ്ചായത്തായിരുന്ന 2006-2007 വര്‍ഷങ്ങളിലാണ് ഈ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുത്തിരിക്കുന്നത്. പഞ്ചായത്ത് നഗരസഭയായതിന് പിന്നാലെ നിര്‍മ്മാണ അനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിധി ശരിവെക്കുകയും ചെയ്തു. പുനഃപരിശോധന ഹര്‍ജിയും തള്ളിയതോടെ തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് മരട് പഞ്ചായത്ത് നിര്‍മ്മാണത്തിന് അനുമതി കൊടുത്തത്. സിആസെഡ് 3 മേഖലയില്‍ തീരദേശത്ത് നിന്ന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മ്മാണം പാടില്ലെന്ന നിയമമുള്ളതിനാലാണ് ഈ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റേണ്ടിവരുന്നത്.