പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് മണ്ഡലത്തില്‍ തന്നെ ജനവിധി തേടുമെന്ന് മുസ്ലിംലീഗ് എം.എല്‍.എ കെ.എം ഷാജി. വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മത്സരിക്കാന്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. യു.ഡി.എഫിന്റെ ഏറ്റവും ഭദ്രമായ മണ്ഡലമാണ് അഴീക്കോടെന്നും കെ.എം ഷാജി മനോരമ ന്യൂസിനോട് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനം എന്ന് ആരോപിക്കുമ്പോള്‍ ആളുകള്‍ കരുതുക പത്തഞ്ഞൂറ് ഏക്കര്‍ ഉണ്ടെന്നാണ്. പത്ത് സെന്റിലെ വീടും രണ്ടേക്കര്‍ വയലുമാണ്. അത് തെളിയിക്കാന്‍ തനിക്ക് കഴിയും. സ്‌കൂള്‍ കോഴ വിവാദത്തെയും കെ.എം ഷാജി തള്ളി.
യു.ഡി.എഫിന്റെ പ്രതീക്ഷ ഓരോ ദിവസവും കൂടി വരികയാണ്. ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളും അഞ്ച് വര്‍ഷം സര്‍ക്കാര്‍ കാണിച്ച ജനദ്രോഹ നടപടികളും യു.ഡി.എഫിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഓരോ ദിവസവും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രം പരിശോധിച്ചാല്‍ എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ ഇളകിയത് വ്യക്തമാകും.
വ്യക്തിപരമായി തന്നെ വേട്ടയാടി. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിലപാട് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.എതിര്‍പ്പുകളെ മുഖ്യമന്ത്രി വ്യക്തിപരമായി എടുത്തു. അത് വ്യക്തിപരമായിരുന്നില്ലെന്നും കെ.എം.ഷാജി പറഞ്ഞു.