മാഗ്‌സസെ പുരസ്‌കാരം നിരസിച്ച് കെ കെ ശൈലജ; പാർട്ടി അനുമതി ഇല്ലാത്തതിനാലാണെന്ന് വിശദീകരണം

മാഗ്‌സസെ പുരസ്‌കാരം നിരസിച്ച് കെ കെ ശൈലജ;
പാർട്ടി അനുമതി ഇല്ലാത്തതിനാലാണെന്ന് വിശദീകരണം
Published on

സി.പി.ഐ.എം അനുമതി ഇല്ലാത്തതിനാൽ മാഗ്‌സസെ പുരസ്കാരം സ്വീകരിക്കാതെ കെ.കെ. ശൈലജ. നിപാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മാഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചത്. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഒരു കൂട്ടായ പ്രവർത്തനമായിരുന്നെന്നും, പാർട്ടി നൽകിയ ചുമതല മാത്രമാണ് ശൈലജ നിർവ്വഹിച്ചത് എന്നും. അതിന്റെ പേരിൽ ഒരു വ്യക്തി മാത്രം അവാർഡ് സ്വീകരിക്കേണ്ടതില്ല എന്നും സി.പി.ഐ.എം നിലപാടെടുത്തതിന്റെ പേരിലാണ് ശൈലജ ടീച്ചർ അവാർഡ് സ്വീകരിക്കാത്തത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു

പുരസ്കാരം സ്വീകരിക്കുകയായിരുന്നെങ്കിൽ മാഗ്‌സസെ പുരസ്‌കാരം ലഭിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യ വനിതയായി മാറുമായിരുന്നു കെ.കെ ശൈലജ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ കേരളം ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ജനപ്രീതി പിടിച്ചുപറ്റിയ ശൈലജടീച്ചർ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്നപ്പോൾ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ വർഷം ജൂലായ് മാസത്തിൽ അന്തരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം മാഗ്‌സസെ ഫൌണ്ടേഷൻ കെ.കെ ശൈലജയെ അറിയിക്കുകയും, അവാർഡ് സ്വീകരിക്കാൻ സന്നദ്ധമാണോ എന്നറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പുരസ്കാരം സ്വീകരിക്കേണ്ടതില്ല എന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് സന്നദ്ധയല്ല എന്ന് ടീച്ചർ ഇ-മെയിലിലൂടെ ഫൗണ്ടേഷനെ അറിയിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഇല്ലാതാക്കാൻ ശ്രമിച്ച മാഗ്‌സസെയുടെ പേരിലുള്ള പുരസ്കാരം കേരളത്തിൽനിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവ് സ്വീകരിക്കുന്നത് പിന്നീട് വിവാദങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന പാർട്ടി വിലയിരുത്തലുകളുടെ ഭാഗമായി കൂടിയാണ് ശൈലജ ടീച്ചർ അവാർഡ് സ്വീകരിക്കാതിരുന്നത് എന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. വർഗീസ് കുര്യനും, എം.എസ് സ്വാമിനാഥനും, ബി.ജി വർഗീസിനും ടി.എൻ ശേഷനും ശേഷം പുരസ്കാരം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാകുമായിരുന്നു കെ.കെ ശൈലജ.

Related Stories

No stories found.
logo
The Cue
www.thecue.in