അവര്‍ക്ക് മേല്‍ പാര്‍ട്ടിക്കൊരു കരുതലുണ്ട്, വേണമെങ്കില്‍ ശൈലജ ടീച്ചറെ പേരാവൂരില്‍ നിര്‍ത്താമായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

അവര്‍ക്ക് മേല്‍ പാര്‍ട്ടിക്കൊരു കരുതലുണ്ട്, വേണമെങ്കില്‍ ശൈലജ ടീച്ചറെ പേരാവൂരില്‍ നിര്‍ത്താമായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍
Published on

കെ.കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് മാറ്റണോ അതോ തുടരണമോ എന്നത് തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിഷേധവും പ്രതികരണവും പ്രതീക്ഷിച്ചിരുന്നു. കെ.കെ ശൈലജ ടീച്ചര്‍ പേരാവൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ശക്തമായ അഭിപ്രായം ഉണ്ടായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍.

മേയ് 17ന് എല്‍ഡിഎഫ് കഴിഞ്ഞ ശേഷമാണ് പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ ആശയവിനിമയം നടന്നത്. പിന്നീട് സെക്രട്ടറിയറ്റില്‍ ഞാനാണ് എല്‍ഡിഎഫിലെ നിര്‍ദേശം വച്ചത്. പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ വിശദീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്

ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തന്നെ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. സിപിഎമ്മും സിപിഐയും എല്ലാവരെയും പുതിയ മന്ത്രിമാരെയാണ് കൊണ്ടുവന്നത്. രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും എടുത്ത തീരുമാനം പുതിയ ആളുകള്‍ക്ക് പരമാവധി അവസരം കൊടുക്കണമെന്നാണ്. അത് സമൂഹത്തില്‍ നല്ല പ്രതികരണമുണ്ടാക്കി. രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി പുതിയവര്‍ക്ക് അവസരം കൊടുത്തിരുന്നു ഇത്തവണ. 31 സിറ്റിംഗ് എം.എല്‍.എമാരെ ഒഴിവാക്കേണ്ടി വന്നു. ഞങ്ങളുടെ സമീപനം പുതിയ തലമുറക്ക് പ്രാമുഖ്യം നല്‍കാന്‍ സാധിച്ചു. അത് ആളുകളില്‍ മതിപ്പുണ്ടാക്കി. ആ തീരുമാനം എടുക്കാന്‍ സാധിച്ചതാണ്. ആ തീരുമാനത്തിന്റെ ഭാഗമായി ഞങ്ങള്‍ അഞ്ച് മന്ത്രിമാരെ മാറ്റിനിര്‍ത്തി. ഇ.പി ജയരാജന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍, രവീന്ദ്രനാഥ് ഇവരൊക്കെ മികവുറ്റ മന്ത്രിമാരാണ്. സ്പീക്കറെ മാറ്റിനിര്‍ത്തേണ്ടിവന്നു. ഇവരൊക്കെ വീണ്ടും വരണമെന്നാണ് അവരുടെ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്തത്. എടുത്ത തീരുമാനം ജയിച്ചുവന്ന മന്ത്രിമാര്‍ തുടരുക എന്നായിരുന്നു. ജയിച്ചു വന്ന സെക്രട്ടറിയറ്റ് അംഗങ്ങള്‍ തന്നെ എട്ട് പേരുണ്ട്. മൂന്ന് പേര്‍ മന്ത്രിമാരായി ജയിച്ചുവന്നവരുണ്ട്. അങ്ങനെ നോക്കിയാല്‍ ഒരാളെ മാത്രമേ പുതിയതായി കൊണ്ടുവരാനാകൂ. ഒരു സ്പീക്കറെയും. പുതിയ ഒരു കൂട്ടം ആളുകള്‍ മന്ത്രിസഭയില്‍ വേണമെന്ന് ചര്‍ച്ച ചെയ്തപ്പോഴാണ് നിലവിലുള്ള മന്ത്രിമാര്‍ മാറിനില്‍ക്കാന്‍ തീരുമാനമുണ്ടായത്. അങ്ങനെയാണ് ശൈലജ ടീച്ചറും മാറാന്‍ തീരുമാനം ഉണ്ടായത്. അവര്‍ക്ക് പാര്‍ട്ടിയെടുത്ത തീരുമാനത്തില്‍ പൂര്‍ണ സമ്മതമായിരുന്നു.

മണ്ഡലത്തിലെ ഭൂരിപക്ഷം നോക്കിയിട്ടല്ല മന്ത്രിമാരെ തീരുമാനിക്കുന്നത്. പാര്‍ട്ടിയുടെ വലിയ അംഗീകാരമുള്ള മണ്ഡലത്തിലാണ് മത്സരിച്ചത്. അവിടെ നിശ്ചയിക്കുമ്പോള്‍ ഒരു കരുതലുണ്ടായിരുന്നു. ഒരു പരീക്ഷണ മണ്ഡലത്തില്‍ കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. അത് സ്വീകരിച്ചത് എന്തുകൊണ്ടാ, അവര്‍ക്ക് മേല്‍ പാര്‍ട്ടിക്കൊരു കരുതലുണ്ട്. നേരത്തെ അവര്‍ മത്സരിച്ചത് കൂത്തുപറമ്പാണ്, അത് ഘടകക്ഷിക്ക് കൊടുത്തു. അതിന് മുമ്പ് മത്സരിച്ചത് പേരാവൂരായിരുന്നു. ആ മണ്ഡലത്തില്‍ നിര്‍ത്തണമെന്ന് ശക്തമായ അഭിപ്രായം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. അങ്ങനെ വേണ്ടതില്ല, ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ട സഖാവല്ല ശൈലജ ടീച്ചര്‍ എന്ന് കണ്ട് ഒരു കരുതല്‍ പാര്‍ട്ടി ശൈലജ ടീച്ചറിനോട് കാണിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ശൈലജ ടീച്ചറില്‍ പൂര്‍ണ വിശ്വാസമാണ്. പാര്‍ട്ടിയിലുള്ള സ്ഥാനം എന്ത് തന്നെയായാലും സമൂഹത്തിലുള്ള സ്ഥാനം എന്ത് തന്നെയായാലും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്.

വേണമെങ്കില്‍ പേരാവൂരില്‍ ശൈലജ ടീച്ചറെ നിര്‍ത്താമായിരുന്നു. ഞങ്ങള്‍ ആ പരീക്ഷണത്തിന് തയ്യാറായില്ല. ഞങ്ങളുടെ വനിതാ നേതാവാണ്. കേന്ദ്രകമ്മിറ്റിയിലെ സഖാവാണ്. മുതിര്‍ന്ന സഖാവാണ്. നേരത്തെ പല തവണ എം.എല്‍.എആയിട്ടുണ്ട്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും സ്വാഭാവികമാണ്. എം.എം.മണിയെയും ടിപി രാമകൃഷ്ണനെയും മാറ്റിയല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in