ആരോഗ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തപ്പോള്‍ വിഷമം തോന്നിയില്ലേയെന്ന് മേജര്‍ രവി; കെ.കെ ശൈലജയുടെ മറുപടി ഇങ്ങനെ

ആരോഗ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തപ്പോള്‍ വിഷമം തോന്നിയില്ലേയെന്ന് മേജര്‍ രവി; കെ.കെ ശൈലജയുടെ മറുപടി ഇങ്ങനെ
Published on

കൊവിഡ് കാലത്ത് തുടക്കത്തില്‍ ആരോഗ്യമന്ത്രി നടത്തി കൊണ്ടിരുന്ന വാര്‍ത്താ സമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തപ്പോള്‍ വിഷമം തോന്നിയില്ലേ എന്ന മേജര്‍ രവിയുടെ ചോദ്യത്തിന് മറുപടിയുമായി കെ.കെ ശൈലജ. കൊവിഡ് മഹാമാരി സമയത്ത് വാര്‍ത്താ സമ്മേളനം നടത്തേണ്ടത് മുഖ്യമന്ത്രി തന്നെയാണ് അല്ലാതെ ആരോഗ്യമന്ത്രിയല്ല എന്നായിരുന്നു കെ.കെ ശൈലജ പറഞ്ഞത്.

ആളുകള്‍ വ്യാഖാനിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും കെ.കെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ മീറ്റിംഗിന്റെ ബ്രീഫിങ്ങ് ആരോഗ്യ മന്ത്രി നടത്തുക എന്നുള്ളതാണ് തെറ്റെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം.

''ആളുകള്‍ വ്യാഖാനിക്കുന്നത് പോലെയല്ല. നിപ്പ ഒരു വലിയ പകര്‍ച്ച വ്യാധിയായി മാറുമായിരുന്നു. പക്ഷേ നമ്മള്‍ വളരെ പെട്ടെന്ന് തന്നെ ഇടപെട്ടു. അന്നാണ് ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്ന വാക്കുകളൊക്കെ പരിചിതമാകുന്നത്. അന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ പറഞ്ഞു, അവിടെ താമസിച്ച് തന്നെ പ്രവര്‍ത്തിക്കുകയാണെന്ന്. രണ്ടാമത്തെ ദിവസം തന്നെ എനിക്ക് തോന്നി കാര്യങ്ങള്‍ സുതാര്യമായിട്ട് ജനങ്ങളോട് പറയുന്നതാണ് നല്ലതെന്ന്.

അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കും. അങ്ങനെ ഞങ്ങള്‍ നിപ്പയുടെ സമയത്ത് തീരുമാനമെടുത്ത് അഞ്ച് മണിക്ക് മീറ്റിങ്ങ് ചേര്‍ന്ന് ആറുമണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. ഒന്നും മറച്ചുവെക്കാനില്ലായിരുന്നു.

അത് അന്നന്ന് മുഖ്യമന്ത്രിയെ അറിയിച്ചുകൊണ്ടാണ് ചെയ്തത്. അത് മുഖ്യമന്ത്രി ചെയ്യേണ്ട കാര്യമില്ല. കാരണം അതൊരു ചെറിയ സ്ഥലമാണ്. അതൊരു മഹാമാരിയായിരുന്നില്ല. അതുകൊണ്ട് ഞാന്‍ തന്നെ ചെയ്തു.

മുഖ്യമന്ത്രി അതില്‍ ഇടപെടുകയേ ചെയ്തില്ല. പിന്നെ കൊവിഡ് വന്നു. വുഹാനില്‍ ഇങ്ങനെയൊരു വൈറസുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ നമ്മള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. അപ്പോഴും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ വിളിച്ച് നമ്മള്‍ കാര്യങ്ങള്‍ പറയുന്നുണ്ട്. തോമസ് ഐസകും നല്ല പിന്തുണ തന്നു. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ജനങ്ങളുടെ ജീവനോപാധിയും സംരക്ഷിക്കണം.

അത് ആരോഗ്യ വകുപ്പ് മാത്രം വിചാരിച്ച് ചെയ്യേണ്ട കാര്യമല്ല. അപ്പോള്‍ അതിന് ശേഷമുള്ള ബ്രീഫിങ്ങില്‍ അസുഖത്തിന്റെ കാര്യം മാത്രമല്ല പറയേണ്ടത്. അതിന് പകരം ബാക്കി ഓരോ സെക്ടറും നോക്കേണ്ടതുണ്ട്. പൊലീസെന്ത് ചെയ്യണം, റവന്യു എന്ത് ചെയ്യണം, അത് ആരോഗ്യ വകുപ്പ് മന്ത്രിയായിട്ടുള്ള ഞാന്‍ പറയുന്നതിലും ശരി മുഖ്യമന്ത്രി തന്നെ പറയുന്നതാണ്. മുഖ്യമന്ത്രി നടത്തിയ മീറ്റിംഗിന്റെ ബ്രീഫിങ്ങ് ആരോഗ്യ മന്ത്രി നടത്തുക എന്നുള്ളതാണ് തെറ്റ്. പിന്നെ മുഖ്യമന്ത്രി മാത്രമാണ് അത് ചെയ്യേണ്ടത്. അതുകൊണ്ട് എനിക്കൊരു ഫീലിങ്ങും അതില്‍ ഇല്ലായിരുന്നു,''കെ.കെ ശൈലജ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in