കോഴിക്കോട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ആര്‍.എം.പി എം.പി കെകെ രമ.
''രമ്യ ഹരിദാസിനു നേരെ സി.പി.എം. നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. ഒരു പാര്‍ലമെന്റംഗത്തിന് നേരെ കാല്‍ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാന്‍ ധൈര്യമുള്ള ഇത്തരം മനുഷ്യര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും പല കാര്യങ്ങള്‍ക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവര്‍ത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികള്‍ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്.രമ്യക്കുണ്ടായ അനുഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.'' കെ.കെ രമ പറഞ്ഞു.
രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് എം.പി പറഞ്ഞിരുന്നു. രമ്യാ ഹരിദാസിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ആലത്തൂരിലെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന തന്നോട് ഒരു ഇടതുപക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണെന്നും സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു