'അതിജീവിതയുടെ കേസ് അട്ടിമറിച്ച സര്‍ക്കാരിന് സ്ത്രീകള്‍ നല്‍കിയ തിരിച്ചടി'; അബദ്ധം പറ്റില്ലെന്ന് ജനങ്ങള്‍ കാണിച്ച് തന്നുവെന്ന് കെ.കെ രമ

'അതിജീവിതയുടെ കേസ് അട്ടിമറിച്ച സര്‍ക്കാരിന് സ്ത്രീകള്‍ നല്‍കിയ തിരിച്ചടി'; അബദ്ധം പറ്റില്ലെന്ന് ജനങ്ങള്‍ കാണിച്ച് തന്നുവെന്ന് കെ.കെ രമ
Published on

അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തൃക്കാക്കരയിലെ സ്ത്രീകള്‍ നല്‍കിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.കെ രമ എംഎല്‍എ. കേരള ജനതയ്ക്ക് ഇനി അബദ്ധം പറ്റില്ലെന്ന് ജനങ്ങള്‍ കാണിച്ച് തരുന്നുവെന്ന് തെരഞ്ഞെടുപ്പ് വിധി കാണിക്കുന്നു. പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരമാണ് ഉമ തോമസിന്റെ വിജയമെന്നും കെ.കെ രമ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നു തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. എംഎല്‍എമാരും മന്ത്രിമാരും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. കെ.റെയില്‍ അല്ല വികസനം എന്നും ജനവിരുദ്ധമായ നിലപാട് അംഗീകരിക്കില്ലെന്നും വിജയം കാണിച്ചു തരുന്നു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചത്. പരാജയം സമ്മതിക്കുന്നുവെന്നും ഇത്രയും വോട്ടുകളുടെ പരാജയം അവിശ്വസനീയമാണെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങള്‍ തന്നെയാണ്. മന്ത്രിമാരുടെ പരിപാടിയും മറ്റും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് നടന്നത്. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

ഇത് രാഷ്ട്രീയത്തിന്റെ പരിശോധനയാണ്, ഭരണത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് അല്ലല്ലോ, ഇത് ഒരാള്‍ മരിച്ചപ്പോള്‍ ഉണ്ടായ ഉപതെരഞ്ഞെടുപ്പാണ്. ഭരണം സ്വാഭാവികമായും ചര്‍ച്ചയാകുമെന്നേ പറഞ്ഞിട്ടുളളൂ. നൂറ് സീറ്റാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, അതിന് വേണ്ടി ക്യാമ്പയിന്‍ ചെയ്തു. വോട്ട് കുറഞ്ഞത് പോലും ജനഹിതം എതിരാണ് എന്ന വസ്തുത അംഗീകരിക്കുന്നുവെന്നും സി.എന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in