പരാജയപ്പെട്ട അതേ പൊലീസ് നയം തന്നെയാണോ ഈ സര്‍ക്കാരിനും; നിയമസഭയില്‍ ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ച് കെകെ രമ

പരാജയപ്പെട്ട അതേ  പൊലീസ് നയം തന്നെയാണോ ഈ സര്‍ക്കാരിനും; നിയമസഭയില്‍ ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ച് കെകെ രമ
Published on

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെയും കെ റയില്‍ പദ്ധതിക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിയമസഭയില്‍ ആര്‍.എം.പി എം.എല്‍.എ കെ.കെ രമ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

'' സഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം ഒട്ടും പുതിയതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരെന്ന് ഭരണപക്ഷം പറയുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ പൊതുസമൂഹവും പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു.

അതില്‍ പുതിയ സര്‍ക്കാര്‍ നയം വ്യക്തമാക്കണം. ആഭ്യന്തരവകുപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകം, വ്യാജ ഏറ്റുമുട്ടലുകള്‍, പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു.

യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലില്‍ അടച്ചു. ഈ സര്‍ക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നത്, '' കെ.കെ രമ നിയമസഭയില്‍ പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞ കെ.കെ രമ നമ്മുടെ സംസ്ഥനത്തും നിര്‍ഭയവും, സ്വതന്ത്രവുമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കെ റെയില്‍ പോലുള്ള പദ്ധതി ആയിരങ്ങളെ പുറന്തള്ളുന്നതാണെന്നും കെകെ രമ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in