കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്‌സ് സര്‍വ്വീസ് എന്ന തസ്തികയിലുള്ള നിയമനം വിവാദമാക്കുന്നതില്‍ പ്രതികരണവുമായി അധ്യാപികയും കെ.കെ.രാഗേഷ് എം.പിയുടെ ഭാര്യയുമായ ഡോ.പ്രിയ വര്‍ഗീസ്. കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് നടന്ന നിയമനം ഒന്നരവര്‍ഷത്തിന് ശേഷം ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ഡോ.പ്രിയ ദ ക്യുവിനോട് പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ വരുമ്പോള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവുമൊന്നും പരിഗണിക്കാതെ, രാഷ്ട്രീയ നേതാവിന്റെ ഭാര്യ എന്ന ഒറ്റ ലേബലില്‍ മാത്രം ചര്‍ച്ചയാകുന്നതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ തനിക്ക് വിഷമമുണ്ടെന്നും ഡോ. പ്രിയ വര്‍ഗീസ്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.പ്രിയയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ചാണെന്നായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രചരണം. എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു. കെ.കെ.രാഗേഷ്, പി.കെ.ബിജു, പി.രാജീവ് ഉള്‍പ്പടെയുള്ള ഇടത് നേതാക്കളുടെ ഭാര്യമാരുടെ നിയമനങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നേതാക്കളുടെ ചിത്രത്തിനൊപ്പം ഭാര്യമാരുടെ നിയമനം അനധികൃതമെന്ന് ആരോപിക്കുന്ന പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഡെപ്യൂട്ടേഷനിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്‌സ് സര്‍വ്വീസ് എന്ന പോസ്റ്റില്‍ ജോലി ചെയ്യുന്നത്, തന്റെ പാരന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജാണെന്നും ഡോ.പ്രിയ വര്‍ഗീസ്.
അവസാന റൗണ്ടില്‍ ഞാന്‍ മാത്രമാണ് ആപ്ലിക്കന്റായി ഉണ്ടായിരുന്നത്
ഡെപ്യൂട്ടേഷനില്‍ ഈ പോസ്റ്റിലേക്ക് ഞാന്‍ അപേക്ഷിക്കുമ്പോള്‍ വേറെ ഒരു ഉദ്യോഗാര്‍ത്ഥി മാത്രമാണ് ഇതിലേക്ക് അപേക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലല്ലാത്ത ആളായതിനാല്‍ ഈ പോസ്റ്റിലേക്ക് പരിഗണിക്കാനാകില്ല. അക്കാര്യം അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി രേഖാമൂലം അറിയിച്ചിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. പലര്‍ക്കും ഈ പോസ്റ്റിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവായിരിക്കും. അതുകൊണ്ട് തന്നെ അവസാനം ഞാന്‍ മാത്രമാണ് ഈ പോസ്റ്റിലേക്ക് ആപ്ലിക്കന്റായി ഉണ്ടായിരുന്നത്. ചട്ടങ്ങള്‍ അനുസരിച്ച് നടന്നിട്ടുള്ള നിയമനം തന്നെയാണ് ഇത്.
ഡിഫന്‍സ് മിനിസ്ട്രിയില്‍ എക്‌സാമിനര്‍ 3 എന്നുള്ള പോസ്റ്റില്‍ ജോലി ചെയ്തിട്ടുണ്ട്, കോളേജില്‍ എട്ട് വര്‍ഷത്തില്‍ അധികം സര്‍വ്വീസുണ്ട്. പി.എച്ച്.ഡി അടക്കം യോഗ്യതകളുമുണ്ട്. പക്ഷെ അതൊന്നും ചിത്രത്തിലേയില്ല. നമ്മള്‍ നേതാവിന്റെ ഭാര്യ എന്ന ഒറ്റ ലേബലില്‍ മാത്രം അറിയപ്പെടുന്നതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് വിഷമമുണ്ട്.'
സത്യാവസ്ഥ അന്വേഷിക്കാന്‍ പോലും ആര്‍ക്കും താല്‍പര്യമില്ല
'2019ലാണ് നിയമനം നടന്നിട്ടുള്ളത്, അങ്ങനെ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍, നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. ഇപ്പോഴാണ് ചില താല്‍പര്യങ്ങളുടെ പേരില്‍ ഈ പ്രചാരണങ്ങളുണ്ടാകുന്നത്. എല്ലാ ഇടത് നേതാക്കന്മാരുടെയും ഭാര്യമാര്‍ ഇങ്ങനെയാണ് എന്നുള്ള പ്രതീതിയുണ്ടാക്കുക എന്നൊക്കെയുള്ള കൃത്യമായ രാഷ്ട്രീയഉദ്ദേശങ്ങള്‍ ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് തോന്നുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിനിത കണിച്ചേരി പ്രവര്‍ത്തനപരിചയമുള്ള, യോഗ്യതയുള്ള ഒരാളാണ്. പക്ഷെ അതൊന്നും ഇവിടെ ഒരു ഘടകമേ ആകുന്നില്ല. ഇവിടെ അവര്‍ എം.ബി.രാജേഷിന്റെ ഭാര്യ മാത്രമാകുന്നു. രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് ഇതിനെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. മറ്റൊന്ന്, നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് എന്തൊക്കെ കഴിവുകളുണ്ടെങ്കിലും അവര്‍ ആരൊക്കെയാണെങ്കിലും ആത്യന്തികമായി അവരുടെ അഡ്രസ് അവരുടെ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ പേരിന്റെയൊപ്പമാണ്. കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ ഒക്കെ കണ്ടപ്പോള്‍ എനിക്ക് ഇതാണ് തോന്നിയത്. ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകുമ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ പോലും ആര്‍ക്കും താല്‍പര്യമില്ല', ഡോ.പ്രിയ വര്‍ഗീസ് ദ ക്യുവിനോട് പറഞ്ഞു.
KK Ragesh's Wife Dr Priya Varghese Response In Appointment Controversy