കിഴക്കമ്പലം കിറ്റക്‌സില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം, സിഐയുടെ കൈ ഒടിഞ്ഞു, തൊഴിലാളികള്‍ കസ്റ്റഡിയില്‍

കിഴക്കമ്പലം കിറ്റക്‌സില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം, സിഐയുടെ കൈ ഒടിഞ്ഞു, തൊഴിലാളികള്‍ കസ്റ്റഡിയില്‍
Published on

എറണാകുളം കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊലീസിനെ ആക്രമിച്ച തൊഴിലാൡകള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ക്ക് തീയിട്ടു. ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു.

കത്തിച്ച ജീപ്പില്‍ നിന്നും പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ സി.ഐ. അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസിന് പരിക്ക് പറ്റിയത്.

സംഭവത്തില്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയിലാണ് ആദ്യം തര്‍ക്കമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ചേരി തിരിഞ്ഞ് തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇത് പരിഹരിക്കാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരെയാണ് തൊഴിലാളികള്‍ കൂട്ടമായി അക്രമിച്ചത്.

കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി. മുമ്പും തൊഴിലാളികള്‍ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ പൊലീസ് ഇടപെട്ടിരുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in