തെലങ്കാന: തെലങ്കാനയില്‍ കിറ്റക്‌സ് ഫാക്ടറി ആരംഭിക്കാന്‍ പോകുന്നത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തനം ആരംഭിക്കാതെ മുടങ്ങിക്കിടക്കുന്ന കകാതിയ മെഗാ ടെക്സ്റ്റയില്‍സ് പാര്‍ക്കില്‍. പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നത് തെലങ്കാന സര്‍ക്കാരിനെതിരെ നെയ്ത്തുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വലിയ പ്രതിഷേധം രൂപപ്പെടാന്‍ ഇടയാക്കിയിരുന്നു.
സര്‍ക്കാര്‍ പദ്ധതി യഥാസമയം പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിക്ഷേപകരില്‍ ഭൂരിഭാഗവും സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കുമെന്ന് കാണിച്ച് വലിയ പ്രതിഷേധങ്ങള്‍ രൂപപ്പെട്ട് വരുന്നതിന് ഇടയിലാണ് കിറ്റക്‌സ് ആയിരം കോടി രൂപയുടെ നിക്ഷേപം കകാതിയ മെഗാ ടെക്സ്റ്റയില്‍സ് പാര്‍ക്കില്‍ നടത്തുന്നത്.
ടെക്സ്റ്റയില്‍സ് പാര്‍ക്ക് ഉദ്ഘാടനത്തിന് പിന്നാലെ 9000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനോടകം പതിനാല് കമ്പനികളിലായി 3400 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
ടെക്സ്റ്റയില്‍സ് പാര്‍ക്കിന്റെ പുരോഗതി അന്വേഷിക്കാനെത്തിയ വീവേഴേ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ അംഗങ്ങള്‍ പദ്ധതിയുടെ മെല്ലെപ്പോക്കില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോമ്പൗണ്ട് മതില്‍ നിര്‍മിക്കുകയും കുറച്ച് ഇന്റീരിയര്‍ റോഡുകള്‍ സ്ഥാപിക്കുകയും ചെയ്തതല്ലാതെ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ കാര്യമായൊന്നും ചെയ്തില്ലെന്നാണ് ഇവര്‍ കണ്ടെത്തിയത്.
സര്‍ക്കാര്‍ ജോലി വേഗത്തിലാക്കിയില്ലെങ്കില്‍ എല്ലാ നിക്ഷേപകരും പദ്ധതിയില്‍ നിന്ന് പിന്മാറുന്ന സമയം വളരെ ദൂരെയായിരിക്കില്ല എന്നായിരുന്നു വിലയിരുത്തല്‍. നൂറുകണക്കിന് നെയ്ത്തുകാരും വ്യാപാരികളും ടെക്‌സ്‌റ്റൈല്‍ മേഖലയുമായി ബന്ധപ്പെട്ട മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും പദ്ധതി പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതില്‍ തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ടെക്സ്റ്റയില്‍ പാര്‍ക്കിലെ ജോലികള്‍ അതിവേഗം നീങ്ങുകയാണ് എന്നായിരുന്ന ടിഎസ്‌ഐസി റീജിയണല്‍ മാനേജര്‍ രത്തന്‍ റാത്തോഡ് അവകാശപ്പെട്ടത്. 1,150 കോടി രൂപ ചെലവില്‍ 1,190 ഏക്കര്‍ വിസ്തൃതില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായിരുന്നു തെലങ്കാന സര്‍ക്കാരിന്റെ പദ്ധതി.
ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നിക്ഷേപം ലക്ഷ്യമിട്ട് നിരവധി ആനുകൂല്യങ്ങളും സബ്‌സിഡികളും സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. മറ്റ് ടെക്‌സ്‌റ്റൈല്‍ ഹബുകളായ മഹാരാഷ്ട്രയിലെ സോളാപൂര്‍, തമിഴ്നാട്ടിലെ തിരുപൂര്‍, ഗുജറാത്തിലെ സൂററ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് എല്ലാത്തരം തുണിത്തരങ്ങളിലും വസ്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യ ഘട്ടത്തില്‍ 22,000 നേരിട്ടുള്ള, 44,000 പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ക്ക് സഹായിക്കുമെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്‌സിന്റെ സാബു എം ജേക്കബ് ആയിരം കോടിയുടെ നിക്ഷേപം തെലങ്കാനയിലെ കകാതിയ ടെക്സ്റ്റയില്‍സ് പാര്‍ക്കില്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മൃഗത്തെ പോലെ വേട്ടയാടി തന്നെ ഓടിച്ചതാണെന്നായിരുന്നു സാബു എം ജേക്കബിന്റെ പ്രതികരണം. തെലങ്കാന സര്‍ക്കാര്‍ രാജകീയ സ്വീകരണമാണ് നല്‍കിയതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.H