'മസാലബോണ്ട് ലാവ്‌ലിന്‍ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം'; മുഖ്യമന്ത്രിക്ക് സമനിലതെറ്റിയെന്ന് ചെന്നിത്തല

'മസാലബോണ്ട് ലാവ്‌ലിന്‍ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം'; മുഖ്യമന്ത്രിക്ക് സമനിലതെറ്റിയെന്ന് ചെന്നിത്തല
Published on

മസാലബോണ്ട് ലാവ്‌ലിന്‍ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുള്ള ലാവ്‌ലിനെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റി. ലാവ്‌ലിന്‍ കമ്പനിയുടെ കള്ളക്കളി കണ്ടെത്തിയതാണ് ഹാലിളക്കത്തിന് കാരണം. അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് കണ്ടാണ് മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി സ്‌കൂളുകളും പാലങ്ങളും നിര്‍മ്മിച്ചിരുന്നു. കോടികളുടെ കണക്ക് പറയാന്‍ ധനമന്ത്രി തോമസ് ഐസക് മിടുക്കനാണ്. കിഫ്ബിയില്ലാതെ വികസനം നടക്കില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. കേരളത്തില്‍ ഇതിന് മുമ്പും വികസനം നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ധനകാര്യ സെക്രട്ടറിക്കാണ് സി.എ.ജി റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഇത് ഗവര്‍ണര്‍ക്ക് കൈമാറും. രഹസ്യമായി സൂക്ഷിക്കുന്ന ഈ റിപ്പോര്‍ട്ട് ധനസെക്രട്ടറിയുടെ പക്കല്‍ നിന്നും മോഷ്ടിച്ചോയെന്നും ചെന്നിത്തല ചോദിച്ചു. ആദ്യം പറഞ്ഞ കള്ളങ്ങള്‍ പളിഞ്ഞതോടെ വീണ്ടും കള്ളവുമായി എത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ആവര്‍ത്തിച്ച് പച്ചക്കള്ളം പറയുന്ന ധനമന്ത്രി രാജി വെയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in