പെരിയ ഇരട്ടക്കൊല: ‘സാക്ഷികളേക്കാള്‍ പൊലീസ് വിശ്വസിച്ചത് പ്രതികളെ’; കേസ് സിബിഐക്ക് വിട്ട് കോടതി
പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് അന്വേഷണ സംഘത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. രാഷ്ട്രീയ ചായ്‌വുണ്ടായി. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെയാണ് വിശ്വാസത്തിലെടുത്തത്. ഫോറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. പ്രതികളെ അറസ്റ്റ് ചെയ്യുകയല്ല. അവര്‍ കീഴടങ്ങുകയാണുണ്ടായതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഐഎം ആകാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐറില്‍ തന്നെ വ്യക്തമാണ്.
ഹൈക്കോടതി
പ്രതികള്‍ കൊലയ്ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ പോയത് അന്വേഷണസംഘം ഗൗരവമായെടുത്തില്ല. ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പൊലീസ് അന്വേഷണം നീതി പൂര്‍വ്വമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിബിഐ തിരുവനന്തപുരം യൂണിറ്റ് പെരിയ ഇരട്ടക്കൊല അന്വേഷിക്കും.
കേസ് സിബിഐ അന്വേഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണനും കുടുംബവും പ്രതികരിച്ചു. ഹൈക്കോടതിയില്‍ നിന്നും നീതി ലഭിച്ചു. സന്തോഷമുണ്ട്. സിബിഐ അന്വേഷണത്തിലൂടെ ഗൂഢാലോചനയും മുഴുവന്‍ കുറ്റവാളികളേയും പുറത്തുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുവെന്നും കൃപേഷിന്റെ കുടുംബം അറിയിച്ചു.
സിപിഐഎം കാസര്‍കോട് ജില്ലാ നേതൃത്വത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.
ഫെബ്രുവരി 17 രാത്രിയാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും (24) കൃപേഷും (19) കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമി സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന പീതാംബരന്റെ നേതൃത്വത്തിലാണ് കൊല നടന്നതെന്നും വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. മുന്‍ സിപിഐഎം എംഎല്‍എ കെ വി കുഞ്ഞിരാമനും കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം വിപിപി മുസ്തഫയ്ക്കും കൊലയില്‍ പങ്കില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പ്രതിയായ സജി ജോര്‍ജിന്റെ കീഴടങ്ങലില്‍ കുഞ്ഞിരാമന്‍ സഹായമുണ്ടായെന്ന ആരോപണം തെറ്റാണ്. കൊലയ്ക്ക് മുമ്പ് മുസ്തഫ കല്യോട്ട് നടത്തിയ പ്രസംഗത്തില്‍ ഭീഷണിയില്ലെന്നും വെറും രാഷ്ട്രീയ പ്രസംഗം മാത്രമാണ് അതെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.