'എന്ത് സംഭവിച്ചാലും കടകള്‍ തുറക്കും, മുഖ്യമന്ത്രിയുടെ പ്രതികരണശൈലി പാര്‍ട്ടി പ്രവര്‍ത്തകന്റെ നിലവാരത്തിലുള്ളത് '

'എന്ത് സംഭവിച്ചാലും കടകള്‍ തുറക്കും, മുഖ്യമന്ത്രിയുടെ പ്രതികരണശൈലി പാര്‍ട്ടി പ്രവര്‍ത്തകന്റെ നിലവാരത്തിലുള്ളത് '
Published on

കടകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തെ മുഖ്യമന്ത്രി നേരിട്ടത് പാര്‍ട്ടി പ്രവര്‍ത്തകന്റെ ശൈലിയിലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവിക്ക് ചേര്‍ന്നതായിരുന്നില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ദ ക്യുവിനോട് പറഞ്ഞു. മുമ്പ് പലപ്പോഴും അദ്ദേഹം ഇത്തരം പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളതാണെന്നും, അതുകൊണ്ട് തങ്ങള്‍ക്ക് ഇതില്‍ അത്ഭുതമില്ലെന്നും അബ്ദുള്‍ ഹമീദ്.

വ്യാഴാഴ്ച മുന്‍നിശ്ചയിച്ച പോലെ 14 ജില്ലകളിലും എല്ലാ കടകളും തുറക്കുമെന്നും, നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അബ്ദുള്‍ ഹമീദ്.

അബ്ദുള്‍ ഹമീദിന്റെ പ്രതികരണം

സര്‍ക്കാരിനെ വെല്ലുവിളിക്കാനോ, നിയമലംഘനം നടത്താനോ അല്ല ഞങ്ങള്‍ ശ്രമിക്കുന്നത്.പലരും ബുദ്ധിമുട്ടിലാണ്.കടകള്‍ നിരന്തരം അടഞ്ഞുകിടക്കുന്നതുമൂലം, ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന വ്യാപാരികളെ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമമാണ് ഞങ്ങളുടേത്,

ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ പ്രായോഗികമായ മാറ്റം വരുത്താതെ ഒരു മണിക്കൂര്‍ക്കൂടി പ്രവര്‍ത്തനസമയം നീട്ടിയത് യാതൊരു തരത്തിലും വ്യാപാരികള്‍ക്ക് ഗുണകരമാകുകയില്ല. ചിലയിടങ്ങളില്‍ മാത്രമായി തുറക്കാന്‍ അനുവദിക്കാതെ, എല്ലായിടത്തും സമയം നീട്ടിനല്‍കി തുറക്കാനനുവദിക്കണമെന്നും ഹമീദ്.

മുഖ്യമന്ത്രിയുടെ പ്രതികരണം ഭീഷണിയാണെന്നും വ്യാപാരികളുടെ ന്യായമായ ആവശ്യത്തിനൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കടകള്‍ തുറന്നാല്‍ വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെ.പിസിസി അധ്യക്ഷന്‍ കെ.സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്‌

എനിക്കവരോട് ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി , അത്രയേ പറയാനുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in