1000ല്‍ 928 മാര്‍ക്ക്: പഠന നിലവാരത്തില്‍ കേരളം മുന്നില്‍ തന്നെ

1000ല്‍ 928 മാര്‍ക്ക്: പഠന നിലവാരത്തില്‍ കേരളം മുന്നില്‍ തന്നെ
Published on

ജില്ലാതല സ്‌കൂള്‍ വിദ്യാഭ്യാസം വിലയിരുത്തിയ 2020-21 അധ്യയന വര്‍ഷത്തെ പ്രകടന നിലവാര സൂചികയില്‍ (P.G.I) കേരളവും മഹാരാഷ്ട്രയും പഞ്ചാബും മുന്നില്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴാച പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ അരുണാചല്‍ പ്രദേശ് ആണ് ഏറ്റവും പിറകിലുള്ളത്. പഠന നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ എഴുപത് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് P.G.I പട്ടിക തയ്യാറാക്കുന്നത്. 1000 പോയിന്റില്‍ 950ന് മുകളില്‍ ലഭിച്ചാല്‍ ലെവല്‍ ഒന്നില്‍ പ്രവേശിക്കും. 901 മുതല്‍ 950 വരെ ലെവല്‍ 2 ആണ്. കേരളവും മഹാരാഷ്ട്രയും പഞ്ചാബും ഉയര്‍ന്ന സ്‌കോര്‍ (928) നേടി പട്ടികയില്‍ മുന്നിലെത്തി. മുന്‍ വര്‍ഷങ്ങളെ പോലെത്തന്നെ ആരും ലെവല്‍ ഒന്നില്‍ എത്തപ്പെട്ടില്ല.

കേരളത്തിനും മഹാരാഷ്ട്രയ്ക്കും പഞ്ചാബിനും പുറമെ ചണ്ഡിഗഢ്, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ആന്ദ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളും ലെവല്‍ രണ്ടില്‍ ഇടം നേടി. ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഒഡിഷ, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഹരിയാന, പുതുച്ചേരി, ലക്ഷദ്വീപ് ലെവല്‍ മൂന്നിലും ആസ്സാം, ചത്തീസ്ഗഢ്, ജമ്മു & കാശ്മീര്‍, ജാര്‍ഖണ്ഡ്, ത്രിപുര ലെവല്‍ നാലിലും ഇടം പിടിച്ചു.

വിദ്യാഭ്യാസം നിലവാരമുള്ളതാക്കാന്‍ സംസഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ് P.G.I ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ''സംസഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും അവരുടെ വിദ്യാഭ്യാസ രീതികളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ സഹായിക്കുകയാണ് P.G.I ചെയ്യുന്നത്.' 2021-22 അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ സൂചകങ്ങള്‍ ഉള്‍പ്പെടുത്താനും കാലഹരണപ്പെട്ടവ എടുത്ത് കളയാനും ഉദ്ദേശിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in