മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ളയാളെ കാണികളുടെ മര്‍ദ്ദനത്തില്‍ നിന്ന് സംരക്ഷിക്കുന്ന പൊലീസ് ഓഫീസറുടെ ചിത്രം
ഇന്ന് മലയാള മനോരമ ദിനപത്രത്തിലെ ഒന്നാം പേജിലുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ നിന്ന് മധ്യവയസ്‌കനെ നിലത്തുവീണ് വട്ടം പിടിച്ച് പൊതിഞ്ഞ് സാഹസികമായി രക്ഷിച്ച എസ്. ഐ.കിരണ്‍ ശ്യാമിനെ അഭിനന്ദിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജിലും പോസ്റ്റ് വന്നിരുന്നു. മലയാള മനോരമ പ്രാദേശിക ലേഖകന്‍ എസ്.പി സജുദാസ് പകര്‍ത്തിയ ചിത്രത്തിന് പിന്നിലെ സംഭവത്തെ കുറിച്ച് അരുവിക്കര എസ്.ഐ കിരണ്‍ ശ്യാം ദ ക്യു' വിനോട് സംസാരിക്കുന്നു.
മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമെന്ന് കരുതി
കാട്ടാക്കട പൂവച്ചല്‍ സ്‌കൂള്‍ അങ്കണത്തില്‍ വ്യാഴാഴ്ച നടന്ന സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപെട്ട് 53 സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കവേ കാണികളുടെ കൂട്ടത്തില്‍ നിന്ന് വേദിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു ധനുവച്ചപുരം കൊല്ലയില്‍ സ്വദേശി. മുഖ്യമന്ത്രിയെ കാണണമെന്നായിരുന്നു ആവശ്യം. വേദിയില്‍ നിന്നും പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ എന്ന നിലയില്‍ തന്റെ ചുമതല മാത്രമാണ് താന്‍ നിരവഹിച്ചതെന്ന് കിരണ്‍ ശ്യാം.
എസ്.ഐക്കും കിട്ടിയും അടിയും ചവിട്ടും
മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപെട്ട് അരുവിക്കര സ്റ്റേഷനില്‍ നിന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു എനിക്ക് കിട്ടിയത്. മൂന്നായിട്ട് തരം തിരിച്ചിരുന്ന സ്റ്റേജിന്റെ മുന്‍ നിരയില്‍ ആയിരുന്നു എനിക്ക് ഡ്യൂട്ടി. മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുന്നതിന്റെ ഇടയില്‍ സെക്കന്റ് റോയില്‍ നല്ല വേഷം ധരിച്ചിരുന്ന ഒരാള്‍, പെട്ടെന്ന് സ്റ്റേജിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മാനസികാസ്വാസ്ഥ്യങ്ങളുള്ള വ്യക്തിയായിരുന്നു അയാള്‍. മുഖ്യമന്ത്രിയെ കാണണം എന്നായിരുന്നു അയാളുടെ ആവശ്യം. ഞങ്ങള്‍ പെട്ടെന്നു തന്നെ അയാളെ അവിടെ നിന്ന് പുറത്തേക്കു മാറ്റി. എന്നാല്‍ പന്തലിനു പുറത്തു എത്തിയപ്പോഴേക്കും, പാര്‍ട്ടി നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വന്നയാളാണെന്നു തെറ്റിദ്ധരിച്ചു പ്രവര്‍ത്തകര്‍ അയാളെ ആക്രമിക്കാന്‍ ആരംഭിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ അയാള്‍ക്ക് കുറച്ചു അടികള്‍ കിട്ടി.
പ്രവര്‍ത്തകര്‍ അയാളെ ചവിട്ടാനും ഇടിക്കാനുമൊക്കെ ആരംഭിച്ചു. നെഞ്ചത്തും, പുറത്തുമൊക്കെ ചവിട്ടു കൊണ്ടാല്‍ അപകടമാണെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. അപകടം ഒഴിവാക്കാന്‍ പെട്ടെന്നു തോന്നിയ ഒരു ആശയമായിരുന്നു അയാളെ താഴെ കിടത്തിയ ശേഷം മുകളില്‍ നിന്നും മറച്ചു പിടിക്കുക എന്നത്. അങ്ങനെ ചെയ്യുന്നതിന്റെ ഇടയില്‍ സ്വാഭാവികമായി എനിക്കും കുറച്ചു ചവിട്ടും അടിയും കിട്ടി.
മറ്റൊരു പൊലീസുകാരനും ഇത് തന്നെ ചെയ്യുമായിരുന്നു
എനിക്കായിരുന്നു അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നത് അതുകൊണ്ട് തന്നെ അയാളെ രക്ഷിക്കുക എന്നത് ഒരു പോലീസുകാരന്‍ എന്ന നിലയില്‍ എന്റെ ചുമതലയാണ്. ഞാന്‍ അല്ലെങ്കില്‍ മറ്റൊരു പോലീസുകാരന്‍ അത് ചെയ്യുമായിരുന്നു. ഇത് ഒരിക്കലും എന്റെ മാത്രം കഴിവല്ല.
ഞാന്‍ മാത്രം വിചാരിച്ചാല്‍ അയാളെ ഒരിക്കലും രക്ഷിക്കാന്‍ ആവുമായിരുന്നില്ല. എസ്.പിയുടെയും മറ്റുള്ള പൊലീസുകാരുടെയുമൊക്കെ ഒരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു അവിടെ കണ്ടത്. എല്ലാവരും യോജിച്ചു നിന്നാല്‍ മാത്രമേ പോലീസ് എന്ന പദമാകൂ. അത് തന്നെയാണ് അവിടെ കണ്ടതും. ക്രെഡിറ്റ് എനിക്ക് മാത്രമായി ഒരിക്കലും അവകാശപെടാനാവില്ല.
എല്ലാവരില്‍ നിന്നും അഭിനന്ദനം
ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ ചിലതെങ്കിലും ഒരു വിഷയത്തിന്റെ എന്തെങ്കിലും കുറച്ചു കാര്യങ്ങള്‍ മാത്രം കേട്ടിട്ടുള്ള ഒരു വിലയിരുത്തലാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല. പരിപാടി കഴിഞ്ഞതിനു ശേഷം എല്ലാവരുടെയും ഭാഗത്തു നിന്ന് നല്ല പിന്തുണ ലഭിച്ചു.
ഡി.വൈ.എസ്.പി. അടക്കം എല്ലാവരും വിളിച്ചു അഭിനന്ദനം അറിയിച്ചു. ഒരുപക്ഷെ അവരൊക്കെ ഉണ്ടെന്ന ധൈര്യത്തിലാവും എനിക്ക് അങ്ങനൊക്കെ ചെയ്യാന്‍ സാധിച്ചത്. സ്റ്റേജില്‍ ചാടി കയറാന്‍ ശ്രമിച്ചയാളെ പിന്നീട് കാട്ടാക്കട സ്റ്റേഷന്‍ പരിധിയിലേക്ക് കൈ മാറുകയാണ് ചെയ്തത്.
ഫോട്ടോ കടപ്പാട്; മലയാള മനോരമ പ്രാദേശിക ലേഖകന്‍ എസ്.പി സജുദാസ്