'മൃതദേഹത്തോട് അവഗണന പാടില്ല', രാത്രിയും പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി

'മൃതദേഹത്തോട് അവഗണന പാടില്ല', രാത്രിയും പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി
Published on

രാത്രി സമയങ്ങളിലും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടിയുണ്ടാകണമെന്ന് കേരള ഹൈക്കോടതി. മെഡിക്കല്‍ കോളേജുകളില്‍ ആറ് മാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.

ആറ് കൊല്ലംമുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

രാത്രി പോസ്റ്റുമോര്‍ട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്മാര്‍ പറഞ്ഞ കാരണങ്ങള്‍ സ്വീകാര്യമല്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രാത്രി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതായുണ്ട് എന്നും കോടതി പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികള്‍ കൂടി കണക്കിലെടുത്ത് ഫോറന്‍സിക് സര്‍ജന്മാര്‍ സഹകരിക്കണം. ആശുപത്രികളിലെ സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പോസ്റ്റുമോര്‍ട്ടം വൈകിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മൃതദേഹങ്ങളോട് അവഗണന വേണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അസ്വാഭാവിക മരണങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെട്ടെന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണം. മൃതദേഹം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്നും ഇതിലുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

മരിച്ചയാളുകളുടെ ബന്ധുക്കള്‍ മൃതദേഹത്തിനായി ആശുപത്രിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കണം. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കണം. ഇത് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in