വിവാഹ മോചന കേസില്‍ വിവാദ പരാമര്‍ശങ്ങളുമായി ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ജീവിതങ്ങളെയും ബാധിച്ചിരിക്കുന്നു, ആവശ്യം കഴിഞ്ഞാല്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ കൂടുന്നു തുടങ്ങിയ വിചിത്ര പരാമര്‍ശങ്ങളാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ച് നടത്തിയത്.
ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
കേരളം വിവാഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന സംസ്ഥാനമായിരുന്നു. എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപ്പാടിലേക്കാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിവാഹ മോചനം തേടുന്നവരുടെയും അവരുടെ കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
ഭാര്യ എന്നാല്‍ ആശങ്ക ക്ഷണിച്ചുവരുത്തുന്നവള്‍ എന്നാണ് ഇന്നത്തെ ചിന്താഗതി. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന തിന്മയായാണ് പുതുതലമുറ വിവാഹത്തെ കാണുന്നത്, തുടങ്ങിയവയാണ് ഉത്തരവിലെ മറ്റ് പരാമര്‍ശങ്ങള്‍.