ജഡ്ജിമാർക്ക് കൈക്കൂലിക്കെന്ന പേരിൽ ലക്ഷങ്ങൾ, സൈബി ജോസ് കിടങ്ങൂരിനെതിരെ ​ഗുരുതര ആരോപണങ്ങൾ

ജഡ്ജിമാർക്ക് കൈക്കൂലിക്കെന്ന പേരിൽ ലക്ഷങ്ങൾ, സൈബി ജോസ് കിടങ്ങൂരിനെതിരെ ​ഗുരുതര ആരോപണങ്ങൾ
Published on

ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കക്ഷികളിൽ നിന്ന് 72 ലക്ഷത്തിലേറെ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ ​ഗുരുതര ആരോപണങ്ങൾ. കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സൈബി ജോസ് മൂന്ന് ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് മൊഴി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് , ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവരെ സ്വാധീനിക്കാനെന്ന പേരിലാണ് സൈബി ജോസ് പണം വാങ്ങിയതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

​ഗുരുതര ആരോപണങ്ങൾ, പരാതിയുമായി അഭിഭാഷകർ

സൈബിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയിലെ തന്നെ മറ്റൊരു അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സൈബിയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകൻ മൊഴി നൽകിയിരുന്നു. ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയില്ലെന്നും അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്നുമായിരുന്നു സൈബി ജോസ് ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമന്റെ നേതൃത്വത്തിലാണ് സൈബിക്കെതിരായ ആരോപണം അന്വേഷിക്കുന്നത്. ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ അമ്പത് ലക്ഷം രൂപയും മറ്റ് രണ്ട് ജഡ്ജിമാർക്ക് നൽകാനായി 22 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 72 ലക്ഷം രൂപയാണ് സൈബി വാങ്ങിയതായാണ് ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മൊഴി കൊച്ചി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആൽവിൻ ആന്റണിക്കെതിരായ കേസിൽ സൈബിയുമായി ബന്ധമുള്ള അഭിഭാഷകൻ 25 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിലാണ് മൊഴിയെടുത്തത്. 25 ലക്ഷം രൂപ കൈപറ്റിയത് ജഡ്ജിയെ സ്വാധീനിക്കാനാണെന്ന് സൈബി തന്നെ പറഞ്ഞതായും മറ്റൊരു അഭിഭാഷകന്റെ മൊഴിയുണ്ട്. ആൽവിൻ ആന്റണി ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഘട്ടത്തിൽ ജഡ്ജിയെ സ്വാധീനിക്കാനെന്ന പേരിലാണ് ഈ പണം വാങ്ങിയതെന്നാണ് മൊഴി.

'സിനിമ നിർമാതാവ് ആൽവിൻ ആന്റണിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അതിന്റെ നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ സൈബി ജോസിന്റെ മൊഴിയും രേഖപ്പെടുത്തും. ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. അതിനു ശേഷമാകും എഫ്‌ഐആർ രെജിസ്റ്റർ ചെയ്യണോ എന്ന് തീരുമാനിക്കുക' കമ്മീഷണർ സേതുരാമൻ പറഞ്ഞു.

മൂന്ന് ദിവസത്തിനകം ഡിജിപിക്ക് റിപ്പോർട്ട്

സൈബിയുടെ പ്രവർത്തനം അഡ്വക്കേറ്റ് ആക്ട് 35 ന്റെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. കോടതിയലക്ഷ്യ നിയമത്തിന്റെ വകുപ്പ് 2 (സി)യുടെ ലംഘനവും വിജിലൻസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം പുരോഗമിക്കുന്നതായും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. അതേസമയം, കൈക്കൂലി ആരോപണത്തിൽ അന്വേഷണം നേരിടുന്ന സൈബി ജോസ് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിയണമെന്ന് അഭിഭാഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in