കേന്ദ്രവിലക്കിനെ കോടതിയില്‍ ജയിച്ച് കേരളസര്‍ക്കാര്‍; ആനന്ദ് പട്‌വര്‍ധന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരത്ത് നടക്കുന്ന 12-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രോത്സവത്തില്‍ ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത 'റീസണ്‍' പ്രദര്‍ശിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സ്‌ക്രീനിങ് വിലക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരും ആനന്ദ് പട്‌വര്‍ധനും ചേര്‍ന്ന് നിയമപരമായി നടത്തിയ നീക്കമാണ് വിജയം കണ്ടത്.
പ്രദര്‍ശനം ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോര്‍ഡിന്റെ അനുമതിയില്ലാതെ മറ്റൊരിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം പാടില്ല. വാര്‍ത്താ വിതരണ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹിന്ദുത്വ ആശയത്തേയും സംഘ്പരിവാറിനേയും വിമര്‍ശിക്കുന്ന റീസണ്‍ (വിവേക്) ഇന്നാണ് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു. രണ്ട് തവണ അപേക്ഷിച്ചിട്ടും വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നും അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു.
ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും കേന്ദ്രമന്ത്രാലയത്തില്‍ നിന്നുള്ള സെന്‍സര്‍ ഇളവുണ്ടെങ്കിലേ പ്രദര്‍ശിപ്പിക്കാനാകൂ.
ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം തീവ്രഹിന്ദുത്വ സംഘടനകള്‍ ചിന്തകരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം എല്‍ കല്‍ബുര്‍ഗി, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയതിനേക്കുറിച്ചാണ് റീസണ്‍ പറയുന്നത്. മതേതരത്വത്തിനും യുക്തി ചിന്തകള്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഡോക്യുമെന്ററിയില്‍ വിഷയമാണ്.