കേരളത്തിന്‍റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ലക്ഷം തൈകളാണ് നടുന്നത്. രണ്ടാംഘട്ടമായി ജൂലൈ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ കൂടി നടും.
വനം വകുപ്പും കൃഷിവകുപ്പും ചേര്‍ന്നാണ് തൈകള്‍ തയ്യാറാക്കിയത്. തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ 12 ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ട്.
ജൂണ്‍ 5-ന് വിതരണം ചെയ്യുന്ന 81 ലക്ഷം തൈകളില്‍ 47 ലക്ഷം വനം വകുപ്പിന്‍റെതും 22 ലക്ഷം കൃഷിവകുപ്പിന്‍റെതും 12 ലക്ഷം തൊഴിലുറപ്പ് പദ്ധതിയുടെതുമാണ്. രണ്ടാം ഘട്ടത്തില്‍ 10 ലക്ഷം തൈകള്‍ വനംവകുപ്പും 18 ലക്ഷം തൈകള്‍ കൃഷിവകുപ്പും ലഭ്യമാക്കും.
തൈകള്‍ നടുന്നതിന്‍റെ തയ്യാറെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. വനം മന്ത്രി കെ. രാജുവും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.
75 ശതമാനം തൈകളും സൗജന്യമായി വീടുകളില്‍ എത്തിക്കും. എന്നാല്‍ ടിഷ്യൂകള്‍ച്ചര്‍ ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ ഫലവൃക്ഷത്തൈകള്‍ക്ക് വിലയുടെ 25 ശതമാനം മാത്രം ഈടാക്കും. വിതരണം ചെയ്യുന്ന തൈകളില്‍ ഭൂരിഭാഗവും ഫലവൃക്ഷങ്ങളായിരിക്കും. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, വാളന്‍ പുളി, കൊടംപുളി, റംബൂട്ടാന്‍, കടച്ചക്ക, മാങ്കോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, സപ്പോട്ട, പേരയ്ക്ക, അവക്കാഡോ, ഓറഞ്ച്, നാരങ്ങ, മാതളം, പാഷന്‍ ഫ്രൂട്ട് മുതലായവയുടെ തൈകള്‍ ഇതില്‍ ഉള്‍പ്പെടും.
മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഴിയാണ് തൈകള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍ 5-ന് സ്കൂള്‍ തുറക്കുമോ എന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകള്‍ വീടുകളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഭാരിച്ച ചുമതലകളുണ്ട്. അതിനിടയിലാണ് ഇക്കാര്യം കൂടി അവര്‍ ചെയ്യേണ്ടത്. എങ്കിലും അവരുടെ നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം. ഓരോ സ്ഥലത്തെയും കൃഷി ഓഫീസര്‍മാര്‍ മുന്‍കൈടുത്ത് പ്രാദേശിക സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകള്‍ വീടുകളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വനം, കൃഷി, പ്രാദേശിക സ്വയംഭരണം എന്നീ വകുപ്പുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.