സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. സെപ്റ്റംബര്‍ 9ന് ബുധനാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ബിനീഷ് കോടിയേരി ബുധനാഴ്ച രാവിലെ പതിനൊന്നിന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നറിയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വിസാ സ്റ്റാമ്പിംഗ് നല്‍കിയ കമ്പനിയില്‍ ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തിങ്കളാഴ്ചയാണ് ബിനീഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ഹവാല-ബിനാമി ഇടപാടുകളും അന്വേഷണ പരിധിയില്‍ വരും. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസുമായി ബംഗളൂരു ലഹരിമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിന് ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബി കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബി കാപിറ്റല്‍ ഫോറക്‌സ് ട്രെഡിംഗ് എന്നീ കമ്പനികള്‍ക്ക് നേരെയും ആരോപണമുയര്‍ന്നിരുന്നു. ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപ് ഹോട്ടല്‍ തുടങ്ങാനായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തതായി മൊഴി നല്‍കിയിരുന്നു.
അനൂപിനെ വര്‍ഷങ്ങളായി അറിയാമെന്നും ലഹരികടത്തിനെക്കുറിച്ച് അറിയുമായിരുന്നില്ലെന്നായിരുന്നു ബീനിഷ് കോടിയേരിയുടെ പ്രതികരണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബിനീഷ് കോടിയേരി ഡയറക്ടറായി ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിംഗ് എന്നീ രണ്ട് കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കി. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പറേറ്റ് കാര്യ സെക്രട്ടറിക്കും സുപ്രിംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് പരാതി നല്‍കിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന പിടിയിലായ ദിവസം അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും 20ലേറെ തവണ ഫോണില്‍ സംസാരിച്ചതായി യൂത്ത് ലീഗ് നേതാവ് ഫിറോസ് ആരോപണമുന്നയിച്ചിരുന്നു. സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്നലെ ഒരു മലയാളി കൂടി അറസ്റ്റിലായിരുന്നു. അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ താമസമാക്കിയ നിയാസിനെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയായ നടി രാഗിണി ദ്വിവേദിയുടെ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ 12 പ്രതികളാണുള്ളത്. ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായി. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്. ഡല്‍ഹിയില്‍ അറസ്റ്റിലായ വിരേന്‍ ഖന്നയാണ് മൂന്നാം പ്രതി. ഖന്നയാണ് ലഹരി പാര്‍ട്ടികള്‍ സജ്ജീകരിച്ചിരുന്നത്. ഒന്നാം പ്രതിയായ ബംഗളൂരു സ്വദേശിയായ ചിപ്പി എന്ന ശിവപ്രസാദ് ഇനിയും പിടിയിലായിട്ടില്ല.
ബംഗളൂരുവില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആഫ്രിക്കന്‍ വംശജന്‍ ലോം പെപ്പര്‍ സാംബയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന സാംബ, തന്റെ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ദ്വിവേദിയുടെ സഹായി രവിശങ്കര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് സാംബയാണെന്ന് പൊലീസ് പറഞ്ഞു.
കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അംഗം കൂടിയാണ് ബിനീഷ് കോടിയേരി. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ബിനീഷ് കോടിയേരി കെസിഎ അംഗമായത്. ബിനീഷ് കുറ്റവാളിയാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.